ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് പുരുഷ ടെന്നീസില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനു സ്വര്‍ണം. റഷ്യയുടെ കാരന്‍ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്‌കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. 1988ല്‍ സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ ജര്‍മന്‍ താരമാണ് സ്വരേവ്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ് ഫൈനല്‍ പ്രവേശനം നേടിയത്. സ്‌പെയിന്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്‌കോറിനു കീഴടക്കിയാണ് കാരെന്‍ ഫൈനലുറപ്പിച്ചത്.
1-6, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു സെമിയില്‍ സ്വരേവിന്റെ ജയം. നാല് പ്രധാന മേജറുകളും ഒളിമ്പിക്‌സ് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയില്‍ എത്തിയത്. എന്നാല്‍ സെമിയില്‍ ജര്‍മ്മന്‍ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ച് ആ നേട്ടത്തിലെത്താതെ മടങ്ങി. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിനെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കീഴടക്കിയാണ് സ്വരേവ് സെമി പോരാട്ടം വിജയിച്ചത്.