മോസ്‌കോ:റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നി ആശുപത്രി വിട്ടു. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ആഹ്വാനം ചെയ്തതിന് നവല്‍നിയെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. റഷ്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് നവല്‍നി നേതൃത്വം നല്‍കിയത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത നവല്‍നി അടക്കം 1,400-ല്‍ അധികം ആളുകളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. 30 ദിവസത്തെ തടവ് ശിക്ഷയാണ് നവാല്‍നിക്ക് വിധിച്ചത്.
ജയിലില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുഖം അസാധാരണമായി തടിച്ചുവീര്‍ക്കുകയും തൊലി ചുവക്കുകയും ചെയ്യുന്നതായി അധികൃകരുടെ ശ്രദ്ധയിപ്പെട്ടത്. തുടര്‍ന്ന് ജയിലില്‍നിന്നും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം അലക്സി നവല്‍നിക്ക് ജയിലില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായത് വിഷരാസവസ്തുപ്രയോഗം മൂലമായിരിക്കാമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിനോട് അടുപ്പമുള്ള നേത്രരോഗവിദഗ്ധയായ അനസ്തസിയ വാസില്യേവയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
പുടിന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജയിലിലായ നവല്‍നി(43)യെ മുഖം തടിച്ചുവീര്‍ത്തും ശരീരം ചുവന്നു ചൊറിച്ചില്‍ ഉള്‍പ്പെടെ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ പൂര്‍ത്തിയാക്കാതെ ജയിലിലേക്കു തിരിച്ചുകൊണ്ടുപോയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ആശുപത്രിയിലെത്തിച്ച നവല്‍നിയെ കാണാന്‍ തനിക്ക് അനുമതി നിഷേധിച്ചെങ്കിലും വാതില്‍വിടവിലൂടെ അദ്ദേഹത്തെ കണ്ടെന്നും വിഷരാസവസ്തു മൂലമുള്ള അലര്‍ജി ബാധയ്ക്കു സമാനമായിരുന്നു ലക്ഷണങ്ങളെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആശുപത്രി വിട്ടതിന് പിന്നാലെ നവല്‍നിയെ ജലിലേക്ക് തന്നെ മാറ്റി. അതേസമയം ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത് അലര്‍ജി രോഗം മൂലമായിരിക്കാം എന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇതാദ്യമായാണു നവല്‍നിക്ക് ഇത്തരം അസുഖമുണ്ടാകുന്നതെന്നും രോഗകാരണം വ്യക്തമല്ലെന്നും അദ്ദേഹത്തിന്റെ മാധ്യമ വക്താവ് വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ പരസ്യമായി രംഗത്തെത്തിയ അലക്സി നവല്‍നി റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.