ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് അമ്മ ല്യൂഡ്മില നവാല്‍നയ ഫയല്‍ ചെയ്ത കേസ് പരിഗണിക്കുക മാര്‍ച്ച് നാലിന്. മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെതിരെയാണ് ല്യൂഡ്മില നവാല്‍നയ റഷ്യന്‍ കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ക്ലോസ്ഡ് ഹിയറിങ് മാര്‍ച്ച് നാലിന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് കോടതി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്‌സി നവാല്‍നി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്‌ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.’എനിക്ക് അവനെ കാണാന്‍ കഴിയില്ല, അവന്റെ ശരീരം എനിക്ക് നല്‍കുന്നില്ല. അവന്‍ എവിടെയാണെന്ന് എന്നോടുപോലും പറയുന്നില്ല. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു വ്ളാദിമിര്‍ പുടിന്‍. ഈ പ്രശ്‌നത്തിനുള്ള പരിഹാരം നിങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു. അവസാനമായി ഞാന്‍ എന്റെ മകനെ കാണട്ടെ. അലക്‌സിയുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ എനിക്ക് അവനെ മാനുഷിക പരിഗണകളോടെ സംസ്‌കരിക്കാന്‍ സാധിക്കും,’ ല്യൂഡ്മില നവാല്‍നയ അലക്സി മരിച്ച ജയിലിന് മുന്നില്‍വച്ച് പറഞ്ഞു.
വിവിധ പരിശോധനകള്‍ നടത്തുന്നതിനാല്‍ രണ്ടാഴ്ചത്തേക്ക് മൃതദേഹം തിരികെ നല്‍കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ മാനുഷിക പരിഗണനകളോടെ മകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ല്യൂഡ്മില റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനോട് അഭ്യര്‍ഥിച്ചിരുന്നു.മകന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ശനിയാഴ്ച മുതല്‍ ശ്രമങ്ങളിലാണ് അലക്സിയുടെ അമ്മ. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവിനെ ജയിലിലെ പ്രധാന കവാടത്തില്‍ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.