മോസ്‌കോ: പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിക്കായി ആഗോളപ്രതിഷേധം ഉയരുമ്പോൾ തെരുവിൽ പ്രതിഷേധക്കാരെ നേരിട്ട് പുടിൻ ഭരണകൂടം. നവൽനിയെ ഭരണകൂടം ചികിത്സ നൽകാതെ കൊല്ലുകയാണെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
രാജ്യത്തിന്റെ ഭരണസംവിധാനം ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പേരിലാണ് നവൽനിയെ യാതൊരു പ്രകോപനവുമില്ലാതെ ജയിലിലിട്ടതെന്ന് ലോക രാജ്യങ്ങൾ ആരോപിക്കുന്നു. ഇതിനിടെ ആരോഗ്യം വഷളായ നവൽനിയ്ക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകാൻ പുടിൻ നിർദ്ദേശം നൽകി. കഴിഞ്ഞയാഴ്ച ജയിലിൽ നിന്നും നവൽനിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടെ നവൽനിയുടെ സ്വകാര്യ ഡോക്ടറെ ജയിലിനകത്ത് കയറ്റാതെ പൊലീസ് അനുമതി നിഷേധിച്ചു.
അമേരിക്കയും യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളുമാണ് റഷ്യക്കെതിരെ രംഗത്തുള്ളത്. സൈബിരിയിൽ വെച്ചാണ് വിഷബാധയേറ്റ നവൽനിയെ ജർമ്മനിയിൽ നിന്നും ചികിത്സയിലൂടെ രക്ഷപെടുത്തിയത്. ജീവൻ തിരികെ ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് നവൽനിയെ ഭരണകൂടം തടവിലാക്കിയത്.