‘ആര്‍ആര്‍ആര്‍’ന്റെ ഹിറ്റിന് ശേഷം എസ് എസ് രാജമൗലി തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മഹേഷ് ബാബുവാണ് രാജമൗലിയുടെ പുതിയ നായകൻ. ‘എസ്എസ്എംബി 29’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ നായികയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തില്‍ രാം ചരണിന്റെ ജോഡിയായി ‘സീത’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ട് ആയിരിക്കും രാജമൗലിയുടെ പുതിയ നായികയും. ആലിയ ഭട്ട്- രണ്‍ബിര്‍ കപൂര്‍ ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിനു ശേഷമാകും ആലിയ ഭട്ട് രാജമൗലി ചിത്രത്തില്‍ ജോയിൻ ചെയ്യുക. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനാണ് രാജമൗലിയുടെ ആലോചന.
‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രമാണ് ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. അയൻ മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിന്റെ ജോഡിയായി ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ആലിയ ഭട്ട് അഭിനയിച്ചിരിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആദ്യ ആഴ്ച തന്നെ ചിത്രം ആഗോള കളക്ഷനില്‍ 300 കോടി പിന്നിട്ടിരുന്നു. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.