ദാവോസ് (സ്വിറ്റ്‌സര്‍ലന്‍ഡ്): അമേരിക്കന്‍ ജനതയുടെ സമ്പത്തും തൊഴിലവസരങ്ങളും ചൈനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റു രാജ്യക്കാര്‍ തട്ടിയെടുക്കുന്നുവെന്ന ഡൊണള്‍ഡ് ട്രംപിന്റെ നിലപാട് തെറ്റാണെന്ന് ചെനീസ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ.
പണം ആവശ്യമായ രീതിയില്‍ ഉപയോഗിക്കാത്തതാണ് യഥാര്‍ഥത്തില്‍ യുഎസ് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസില്‍നിന്ന് ജോലി തട്ടിയെടുക്കുന്നത് മറ്റു രാജ്യക്കാരല്ല. പണവും മറ്റു വസ്തുക്കളും ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഉള്ളൂവെന്നും ജാക്ക് മാ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നടക്കുന്ന യുദ്ധാവശ്യങ്ങള്‍ക്ക് പകരം സ്വന്തം ജനങ്ങള്‍ക്കായി പണം വിനിയോഗിക്കാനും ജാക്ക് മാ യുഎസിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 14 ട്രില്യന്‍ ഡോളറാണ് യാതൊരു ഗുണവുമില്ലാത്ത യുദ്ധാവശ്യങ്ങള്‍ക്കായി യുഎസ് ചെലവഴിച്ചത്. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു വിനിയോഗിക്കേണ്ടിയിരുന്നത്. യുഎസിന്റെ സമ്പദ് വ്യവസ്ഥ ദുര്‍ബലമാകാന്‍ കാരണം ഇതാണെന്നും അല്ലാതെ ചിലര്‍ കരുതുന്നതുപോലെ തൊഴിലവസരങ്ങള്‍ ചൈനക്കാര്‍ തട്ടിയെടുക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ ഒരു വിഭാഗം ജനങ്ങള്‍ അവരുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടാന്‍ കാരണം ഇതാണ്. വാള്‍ സ്ട്രീറ്റിലേക്കും സിലിക്കണ്‍ വാലിയിലേക്കും പണം ഒഴുക്കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മധ്യപടിഞ്ഞാറന്‍ പ്രദേശങ്ങളെയും വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന പൗരന്‍മാരെയും സഹായിക്കുകയാണ് യുഎസ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.