മാധ്യമങ്ങളുടെ ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍ ജാക് മാ ഇല്ല

ബെയ്ജിങ്: ആലിബാബ സ്ഥാപകന്‍ ജാക് മായെ ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍ നിന്ന് ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന് പ്രശംസനീയമായ പങ്കാളിത്തം വഹിച്ച ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാം പേജിലെ റിപ്പോര്‍ട്ടില്‍ നിന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് ജാക്ക് മായെ ഒഴിവാക്കിയത്. മൊബൈല്‍ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയില്‍ പോണി മായുടെ പേരും ഹുവായ് ടെക്‌നോളജീസിന്റെ റെന്‍ ഷെങ്‌ഫെയ്, ഷവോമി കോര്‍പ്പറേഷന്റെ ലീ ജന്‍, ബിവൈഡിയുടെ വാങ് ചുവാന്‍ഫു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാസങ്ങളോളം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന ജാക് മാ ഈയിടെയാണ് ഗ്രാമീണ അധ്യാപകരുടെ ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തത്. ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെ പ്രസംഗത്തില്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24മുതല്‍ അദ്ദേഹത്തെ കാണാതായത്. വിമര്‍ശനത്തിനുപിന്നാലെ ചൈനീസ് റെഗുലേറ്റര്‍മാര്‍ ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

ആന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപിക്കാനിരുന്ന 37 ബില്യണ്‍ ഡോളര്‍ ഐപിഒ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായ മാ 2019ല്‍ ആലിബാബയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അദ്ദേഹം നിലവില്‍ കമ്പനിയുടെ ഉപദേഷ്ടാവാണ്.

Top