ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവോര്‍ജ കരാര്‍ പ്രാബല്യത്തില്‍ വന്നു.
കഴിഞ്ഞ നവബറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ട കരാറാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. 2016ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം ജപ്പാന്‍ ഇന്ത്യയ്ക്ക് ആണവോര്‍ജ സങ്കേതിക വിദ്യകള്‍ കൈമാറുകയും പ്ലാന്റ് നിര്‍മിക്കാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യും.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആണവോര്‍ജ മാലിന്യ പരിപാലനത്തിനും പ്ലാന്റ് നിര്‍മ്മാണത്തിനും ജപ്പാന്‍ സഹായമുണ്ടാകും.
കരാറിന്റെ സുപ്രധാന രേഖകള്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ജാപ്പനീസ് അംബാസിഡര്‍ കെഞ്ജി ഹിറമ്റ്റുവിന് കൈമാറി.
ഇന്ത്യയുമായി ആണവരംഗത്തുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനായി സെപ്തംബറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തുമെന്ന് സൂചനയുണ്ട്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവോര്‍ജ സഹകരണം ഈ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ സഹായിക്കുമെന്നാണ് കരുതന്നത്.
ജാപ്പനീസ് കമ്പനിയുമായി സഹകരണത്തിലുള്ള അമേരിക്കന്‍ കമ്പനിയും ഫ്രഞ്ച് കമ്പനിയും പദ്ധതിയുമായി സഹകരിക്കും. ഇതിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ് ഹൗസ് ആന്ധ്രാ പ്രദേശില്‍ ആറ് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ സ്ഥാപിക്കും.