ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്റെ മോചനത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ചന്ദു ബാബുലാല്‍ ചൗഹന്‍ ആണ് പാക് സൈന്യത്തിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ പാകിസ്താനിലെ ചാംബാ സെക്ടറിലായിരുന്നു സംഭവം. സൈനികനെ മോചിപ്പിക്കാന്‍ പാകിസ്താനോട് ആവശ്യപ്പെടുനമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ചന്ദു ബാബുലാല്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.
രണ്ട് ഇന്ത്യന്‍ സൈനികര്‍ പിടിയിലായതായും നിരവധിപേരെ വധിച്ചതായും പാക് സൈന്യം അവകാശപ്പെട്ടതായി പാകിസ്താനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ അവകാശവാദം തള്ളിയ ഇന്ത്യ, പിടിയിലായ സൈനികന്‍ പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ പങ്കാളിയായിരുന്നില്ലെന്ന് അറിയിച്ചു.