All Attempts To Free Indian Soldier In Pakistan

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സൈന്യം പ്രകോപനം തുടര്‍ന്നാല്‍ ‘ഉചിതമായ’ നടപടിയുമായി മുന്നോട്ട് പോവാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കി.

ഇനി പാക്ക് ആക്രമണത്തില്‍ ഏതെങ്കിലും സൈനികന് പരിക്കേറ്റാല്‍ സ്‌പോട്ടില്‍ തന്നെ കണക്ക് തീര്‍ക്കാനാണ് നിര്‍ദ്ദേശം. അത് പാക്ക് അതിര്‍ത്തി ലംഘിച്ചായാലും തിരിച്ചടിക്കാം.

രാജ്യത്ത് നുഴഞ്ഞ് കയറുന്ന ഭീകരരെ മാത്രമല്ല അവരെ സഹായിക്കുന്ന പാക്ക് സൈനികരെയും ലക്ഷ്യമിട്ട് ആക്രമിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

army

പ്രകോപനമില്ലാതെ പാക്ക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറില്ലെങ്കിലും പ്രകോപനമുണ്ടായാല്‍ മറ്റൊന്നും ആലോചിക്കാനില്ലെന്ന നിലപാടാണ് സൈന്യത്തിന്റേത്.

ഒരു അര്‍ധസൈനികന്‍ പാക്ക് പട്ടാളത്തിന്റെ പിടിയിലായിട്ടും വിട്ട് നല്‍കാത്ത പശ്ചാത്തലത്തില്‍ ‘പറ്റുന്ന സാഹചര്യത്തില്‍’ ഏതെങ്കിലും പാക് പട്ടാളക്കാരനെ പിടികൂടാനാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം.

ഇങ്ങനെ വന്നാല്‍ ബന്ദിയാക്കിയ ഇന്ത്യന്‍ സൈനികനെ വിട്ട് നല്‍കാന്‍ പാക് പട്ടാളത്തിന് തയ്യാറാകേണ്ടി വരുമെന്ന് കണ്ടാണിത്.

മുന്‍ കാലങ്ങളില്‍ സമാനമായ രീതിയില്‍ ഇരുരാജ്യങ്ങളിലെ സൈനികരും അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതിന് പിടിയിലാവുന്ന ഘട്ടങ്ങള്‍ ഉണ്ടായപ്പോഴെല്ലാം അവരെ തിരികെ അയക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാവാറുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ ഇന്ത്യനടത്തിയ ആക്രമണത്തില്‍ പ്രകോപിതരായാണ് സൈനികനെ വിട്ട് നല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാതെയിരിക്കുന്നത്. ഇത് ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

army

സൈനികനെ വിട്ട് കിട്ടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കി.

പാക് ഭീകര ക്യാപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ 22കാരനായ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം പിടികൂടിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

37 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണു ചന്ദു ബാബുലാല്‍ ചൗഹാന്‍. ജന്ധ്‌റൂട്ട് മേഖലയില്‍നിന്നാണു ചന്ദു ബാബുലാലിനെ പാക് സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം പിടിയിലായ സൈനികനെ മോചിപ്പിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും കമാന്‍ഡോ ഓപ്പറേഷനുണ്ടായാല്‍ തടയാനുള്ള നീക്കത്തിലാണ് പാക് സൈന്യം.

സൈനികര്‍ അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും പാക് സൈനിക കേന്ദ്രങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ ‘റാഞ്ചല്‍’ ഭയത്തെ തുടര്‍ന്നാണ് ഈ മുന്‍കരുതല്‍.

ഉറി ആക്രമണത്തിന് പാക് മണ്ണില്‍ കയറി തിരിച്ചടിച്ച ഇന്ത്യക്ക് വീണ്ടും ആ മണ്ണില്‍ കയറാനുള്ള സാഹചര്യമാണ് സൈനികനെ ബന്ദിയാക്കിയതിലൂടെ പാക്കിസ്ഥാന്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.

Top