തിരുവനന്തപുരം: ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നതിന് മുന്നോടിയായി ഇന്നും നാളെയും സംസ്ഥാനത്തെ സ്‌കൂളുകളില്‍ വൃത്തിയാക്കലും അണുനശീകരണവും നടക്കും. സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി – യുവജന – തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചിരുന്നു.
മന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകള്‍ സ്‌കൂള്‍ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി ഈ സംഘടനകളും സ്‌കൂള്‍ വൃത്തിയാക്കലിന്റെ ഭാഗമാകും.
സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്ത യോഗത്തില്‍, ആദിവാസി, തീര, മലയോര മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
21ാം തീയതി മുതലാണ് ക്ലാസുകള്‍ പൂര്‍ണതോതില്‍ സാധാരണപോലെ പ്രവര്‍ത്തിച്ചുതുടങ്ങുക. ഫര്‍ണിച്ചറുകള്‍ക്ക് ക്ഷാമമുള്ള സ്‌കൂളുകളില്‍ അവ എത്തിക്കാനും സ്‌കൂള്‍ ബസുകള്‍ സജ്ജമാക്കാനും സഹായമുണ്ടാകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.