ന്യൂഡല്‍ഹി: സംസ്ഥാന വിഭജനത്തിലൂടെ ആന്ധ്രാപ്രദേശിനുണ്ടായ സാമ്പത്തിക നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തുമെന്നും ഇതിനാവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എഴുത്തിലും വാക്കിലും ആന്ധ്രാപ്രദേശിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിയ്ക്കപ്പെടുമെന്നും ജയ്റ്റ്‌ലി ഉറപ്പ് നല്‍കി. രാജ്യസഭയില്‍ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി അനുവദിയ്ക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നത് ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജയ്റ്റ്‌ലി.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് ശൂന്യവേളയില്‍ ഇക്കാര്യം ആദ്യം സഭയിലുന്നയിച്ചത്. തലസ്ഥാനമായ ഹൈദരാബാദ് നഷ്ടമായത് അടക്കമുള്ള സാമ്പത്തികനഷ്ടം ആസാദ് ചൂണ്ടിക്കാട്ടി. പുതിയ തലസ്ഥാനം നിര്‍മ്മിയ്ക്കുന്നതിനാവശ്യമായ സഹായം ഉള്‍പ്പടെ 2014 ഫെബ്രുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പ് നല്‍കിയത് ആസാദ് ഓര്‍മ്മിപ്പിച്ചു. ആന്ധ്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളായ, ജെ.ഡി.സലീം, രേണുക ചൗധരി, കെ.വി.പി രാമചന്ദ്ര റാവു തുടങ്ങിയവര്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി.
ഇതിന് മറുപടി പറഞ്ഞ ജയ്റ്റ്‌ലി ആന്ധ്രാപ്രദേശിനെ സഹായിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. ആന്ധ്രാപ്രദേശ് പുനസംഘടനാ നിയമത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കും. ആന്ധ്രാപ്രദേശിന് നഷ്ടമായ ഓരോ രൂപയും കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും നല്‍കും. ആന്ധ്രാപ്രദേശിന് പുതുതായി നിരവധി സ്ഥാപനങ്ങള്‍ ആവശ്യമുണ്ട്. ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്. എന്നാല്‍ ജയ്റ്റ്‌ലിയുടെ മറുപടിയില്‍ തൃപ്തിയാവാതിരുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിതുടര്‍ന്നു. ബഹളം തുടര്‍ന്നതോടെ സഭ നിര്‍ത്തി വയ്ക്കുകയായിരുന്നു.
യു.പി.എ സര്‍ക്കാരിന്റെ വാഗ്ദാനത്തെ അന്ന് പ്രതിപക്ഷമായിരുന്ന ബി.ജെ.പി പിന്തുണച്ചിരുന്നതായും അത് നടപ്പാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അന്ന് പ്രതിപക്ഷ എം.പിയെന്ന നിലയില്‍ ഇക്കാര്യത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്നതായും കോണ്‍ഗ്രസ് ഓര്‍മ്മപ്പെടുത്തി.