വിശ്വാസ വോട്ടെടുപ്പ് നേരിട്ടാല്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തലയൂരി. ഇതോടെ വഴിയൊരുങ്ങിയത് ബിജെപിക്കാണ്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഇനി ബിജെപി അവകാശം ഉന്നയിക്കും.
114 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും, എസ്പി, ബിഎസ്പി, ഏതാനും, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ 15 മാസം പ്രായമായ സര്‍ക്കാര്‍ ആയുസ്സ് എത്താതെ അവസാനിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ ബലം സഭയില്‍ 92 ആണ്,
107 എംഎല്‍എമാരുള്ള ബിജെപിക്ക് ഇനി മധ്യപ്രദേശില്‍ അവകാശം ഉന്നയിക്കാം. കമല്‍നാഥിന്റെ രാജിക്ക് പിന്നാലെ ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തത് ‘സത്യമേവ ജയതേ’ എന്നാണ്. ഇതിന് പുറമെ ബിജെപി എംഎല്‍എമാരെ വിരുന്നിനും അദ്ദേഹം ക്ഷണിച്ചു.
മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയെ ക്ഷണിക്കാനുള്ള ഉത്തരവാദിത്വം ഇനി ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനാണ്. അതേസമയം ബിജെപി പക്ഷത്തും ചോര്‍ച്ച നടക്കുന്നുണ്ടെന്ന് നിയമസഭാ നടപടികള്‍ പൂര്‍ത്തിയായ ശേഷം വ്യക്തമായി. ബിജെപി അണിനിരത്തിയ എംഎല്‍എമാരില്‍ കാണാതിരുന്ന ഒരു എംഎല്‍എ നാരായണ്‍ തൃപാഠി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം നിലയുറപ്പിച്ചതാണ് ഇതിന് കാരണം.