ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ പരിഗണിക്കാനൊരുങ്ങി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യന്‍ വംശജരെയും പ്രവാസി ഇന്ത്യക്കാരായ ഫുട്‌ബോള്‍ താരങ്ങളുടെ നിലയും അവര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യതയും വിലയിരുത്തുന്നതിനായി എഐഎഫ്എഫ് ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കി.
ലോകത്തിലെ വിവിധ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരായ താരങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തും. പഞ്ചാബ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററുമായ സമീര്‍ ഥാപ്പറാണ് ടാസ്‌ക് ഫോഴ്‌സിനെ നയിക്കുക.
ചെയര്‍മാനുമായും എക്സിക്യൂട്ടീവ് കമ്മിറ്റിയുമായും കൂടിയാലോചിച്ച ശേഷം ടാസ്‌ക് ഫോഴ്സിലെ മറ്റ് അംഗങ്ങളുടെ പേര് പ്രഖ്യാപിക്കാനാണ് എഐഎഫ്എഫ് നീക്കം. 2024 ജനുവരി 31നുള്ളില്‍ ടാസ്‌ക് ഫോഴ്സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവില്‍ രാജ്യത്തെ നിയമമനുസരിച്ച് ഇന്ത്യന്‍ വംശജരായ താരങ്ങള്‍ക്ക് ഇരട്ട പൗരത്വമുണ്ടെങ്കിലും ദേശീയ ടീമില്‍ കളിക്കാനാവില്ല. ഈ നിയമം തിരുത്താനാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ശ്രമം. ഇതിന് കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കിയതെന്ന് എഐഎഫ്എഫ് പറഞ്ഞു.