വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തടഞ്ഞു

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്ത നേതാക്കളോട് നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം. നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലം തടഞ്ഞു. സംഘടനയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് തിരഞ്ഞെടുപ്പ് ഫലം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം തടഞ്ഞത്.

വിഷ്ണു വിജയന്റെയും, കൗശിക്കിന്റെയും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലമാണ് തടഞ്ഞത്. വി ഡി സതീശന്റെയും, കെ സി വേണുഗോപാലന്റെയും പിന്തുണയോടു കൂടിയാണ് വിഷ്ണു വിജയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും കൗശിക് എം ദാസ് കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചത്.

കെഎസ്യു കൊല്ലം മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന വിഷ്ണു വിജയനും വൈസ് പ്രസിഡന്റായിരുന്ന കൗശിക് എം. ദാസും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹൈക്കോടതിയില്‍ അഭിഭാഷകരായി എന്ററോള്‍ ചെയ്തതായാണ് പരാതി ഉയര്‍ന്നത്. ഇരുവരും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. രാജസ്ഥാനിലെ ചുരുവിലെ ഒപിജെഎസ് യുണിവേഴ്‌സിറ്റിയിലെയും ഉത്തര്‍പ്രദേശിലെ ഗ്ലോക്കല്‍ യുണിവേഴ്‌സിറ്റിയിലെയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

Top