ഇ.ശ്രീധരൻ എന്ന മെട്രോമാൻ ഇപ്പോൾ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രധാന മുഖമാണ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് അദ്ദേഹം നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് യഥാർത്ഥത്തിൽ ബി.ജെ.പി ആരോപണത്തിൻ്റെ മുനയാണ് ഒടിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ഈ സൊസൈറ്റിയിലെ ചുവപ്പ് മേധാവിത്വമാണ് പ്രതിപക്ഷത്തെ വിളറി പിടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മുൻ നിർത്തിയും ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഊരാളുങ്കലിനെതിരെ ഉന്നയിച്ചിരുന്നത്. ബി.ജെ.പിയുടെ പക കേന്ദ്ര ഏജൻസികൾ ഊരാളുങ്കൽ സൊസൈറ്റിയിൽ കയറി ഇറങ്ങുന്നതിലാണ് കലാശിച്ചിരുന്നത്.
എന്നാൽ വഴിവിട്ട ഒരു ഇടപാടും, ഈ സൊസൈറ്റിയിൽ നിന്നും ഒരു ഏജൻസിക്കും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നതും നാം തിരിച്ചറിയണം. സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക ഘടകമാണിപ്പോൾ ഊരാളുങ്കൽ സൊസൈറ്റി. ഏറ്റവും ഒടുവിൽ പഞ്ചവടി പാലമായി വിലയിരുത്തപ്പെട്ട പാലാരിവട്ടം പാലത്തിന് പുതു ജീവൻ നൽകിയിരിക്കുന്നതും ഈ ജനകീയ സൊസൈറ്റി തന്നെയാണ്. പാലാരിവട്ടം പാലത്തിൽ ഊരാളുങ്കലിന്റെ വിജയം എഴുതിച്ചേർക്കാൻ വേണ്ടിവന്നത് വെറും 158 ദിവസംമാത്രമാണ് എന്നത് ആരെയും അമ്പരിപ്പിക്കുന്നതാണ്.
പുനർനിർമാണത്തിന് 240 ദിവസം കണക്കാക്കിയപ്പോൾ ഡിഎംആർസിയും കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ഏറ്റെടുത്തത് സമാനതകളില്ലാത്ത വെല്ലുവിളിയായിരുന്നു. ടെൻഡറിലൂടെ 18.76 കോടി രൂപയ്‌ക്കായിരുന്നു കരാർ ഉറപ്പിച്ചിരുന്നത്. മേൽനോട്ടച്ചുമതലയുള്ള ഡിഎംആർസി ചീഫ് എൻജിനിയർ ജി കേശവചന്ദ്രനെ പാലാരിവട്ടം ദൗത്യം കൂടി ഏൽപ്പിച്ചതോടെ കാര്യങ്ങൾ ഏതാണ്ട് സുഗമമായി. വെല്ലുവിളികൾ നിറഞ്ഞ വല്ലാർപാടം റെയിൽപ്പാതയും 84 ദിവസത്തിനുള്ളിൽ തമ്പാനൂർ പാലവും പൂർത്തിയാക്കിയ കേശവചന്ദ്രന് പാലാരിവട്ടം കടക്കാൻ അത്രയൊന്നും പ്രയാസമുണ്ടായില്ലന്ന് വ്യക്തം. 2020 സെപ്‌തംബറിലാണ് പാലാരിവട്ടം പാലത്തിൻ്റെ നിർമാണത്തിന് തുടക്കമായിരുന്നത്. 2021 മെയ് മാസം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ പ്രവർത്തി.
പഴയ പാലം പൊളിക്കലായിരുന്നു പ്രധാന വെല്ലുവിളിയായി ഊരാളുങ്കലിനു മുന്നിലുണ്ടായിരുന്നത്. എന്നാൽ രണ്ടുമാസത്തിനുള്ളിൽ തന്നെ അതും പൊളിച്ചടുക്കി. 19 സ്‌പാനുകളിൽ 17 എണ്ണവും പൊളിച്ചുമാറ്റുകയാണുണ്ടായത്. 35 മീറ്റർ നീളമുള്ള രണ്ട് പ്രീ സ്‌ട്രെസ്‌ഡ് സ്‌പാനും 22 മീറ്റർ നീളമുള്ള 17 ആർസിസി സ്‌പാനും ഉൾപ്പെടെ 444 മീറ്ററായിരുന്നു പാലത്തിന്റെ ആകെ നീളം.19 പിയർ ക്യാപ്പുകളും ഇതോടൊപ്പം തന്നെയാണ് പൊളിച്ചിരുന്നത്. സ്ലാബുകളും ബീമുകളും നിലത്തിറങ്ങുന്നതിന് സമാന്തരമായി കളമശേരിയിലെ ഡിഎംആർസി യാർഡിൽ പുതിയവയുടെ കാസ്‌റ്റിങ് തുടങ്ങുകയും ചെയ്തിരുന്നു. പിയർ ക്യാപ്പുകളെല്ലാം പുതുതായാണ് നിർമിച്ചിരിക്കുന്നത്. 102 പ്രീ സ്‌ട്രെസ്‌ഡ് ഗർഡറുകളുടെയും കാസ്‌റ്റിങ്, ജനുവരി പകുതിയോടെയാണ് പൂർത്തിയായിരുന്നത്.
അടുത്ത 15 ദിവസത്തിനുള്ളിൽ തന്നെ അവ തൂണുകൾക്കുമുകളിൽ സ്ഥാപിക്കുകയും ചെയ്തു. ഗർഡറുകൾ സ്ഥാപിക്കുന്നമുറയ്‌ക്കാണ് അവയ്‌ക്കുമുകളിലെ സ്ലാബുകളുടെ നിർമാണവും ആരംഭിച്ചിരുന്നത്. ഫെബ്രുവരി പതിനഞ്ചോടെ ഇതും പൂർത്തിയാക്കപ്പെട്ടു. വശങ്ങളിലെ ഭിത്തികളുടെ നിർമാണവും സമാന്തരമായി തന്നെയാണ് പുരോഗമിച്ചിരുന്നത്. സ്ലാബുകളുടെ നിർമാണം പൂർത്തിയായതോടെ പാലത്തിൽ ഫെബ്രുവരി 27ന് ടാറിങ് ജോലികളും തുടങ്ങുകയുണ്ടായി. പെയിൻ്റിങ്ങും പാലത്തിനുതാഴെയുള്ള മറ്റു ജോലികളും സമാന്തരമായാണ് നടത്തിയിരുന്നത്. ഇതോടൊപ്പം തന്നെ ലൈറ്റുകളും സ്ഥാപിക്കുകയുണ്ടായി.
പുനർനിർമാണത്തിന് 750 ടൺ കമ്പിയും, 1900 ടൺ സിമന്റുമാണ് ആകെ വേണ്ടി വന്നിരിക്കുന്നത്. രാപകലില്ലാതെ ജോലിയെടുക്കാൻ പ്രതിദിനം ശരാശരി 300 തൊഴിലാളികളും കർമ്മനിരതരായിരുന്നു. തിരക്കേറിയ ബൈപാസ് കവലയിലെ ഗതാഗതത്തെയോ യാത്രക്കാരെയോ ശല്യപ്പെടുത്താതെയാണ്, പാലം പുനർ നിർമ്മാണം മുന്നേറിയിരുന്നത്. നിർമാണം തുടങ്ങിയശേഷമുള്ള ഒരുദിവസംപോലും പാഴാക്കിയിട്ടില്ലന്നതും എടുത്തു പറയേണ്ട കാര്യമാണ്. കരാറുകാരന് ബില്ലുകൾ അപ്പപ്പോൾ നൽകിയതും ഗുണം ചെയ്തു. ഇതു മൂലം നിർമാണത്തിനാണ് വേഗതയേറിയത്.
എല്ലാറ്റിനും നേതൃത്വം നൽകി ഊരാളുങ്കലിന്റെ യുവ എൻജിനിയർമാരുടെ സംഘവും മുഴുവൻ സമയവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. ഊരാളുങ്കലിൻ്റെ പ്രവർത്തിയിലെ മികവ് ശരിക്കും വിലയിരുത്തി തന്നെയാണ് മെട്രോമാൻ ശ്രീധരൻ പാലാരിവട്ടം പാലത്തിൻ്റെ പുനർ നിർമ്മാണ ചുമതലയും അവരെ ഏൽപ്പിച്ചിരുന്നത്. ഭംഗിയായി ആ ദൗത്യം ‘ടീം ഊരാളുങ്കൽ’ പൂർത്തിയാക്കിയതു കൊണ്ടു തന്നെയാണ് പരസ്യമായി അഭിനന്ദനവുമായി ശ്രീധരനും രംഗത്തു വന്നിരുന്നത്. ഇതാകട്ടെ, ബി.ജെ.പിക്കാണിപ്പോൾ ശരിക്കും തിരിച്ചടിയായിരിക്കുന്നത്.
ജാള്യത മറയ്ക്കാൻ “ഊരാളുങ്കലിന്റെ അഴിമതി അറിയാത്തതുകൊണ്ടാവാം ശ്രീധരന്‍ അങ്ങനെ പ്രതികരിച്ചതെന്നാണ് ” ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്. എന്നിട്ടും പക്ഷേ, പറഞ്ഞ വാക്കിൽ നിന്നും ഒരടി പിന്നോട്ടു പോകാൻ മെട്രോമാൻ ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഇതുവരെ ആർജിച്ച വിശ്വാസ്യത കൂടി നഷ്ടപ്പെടുമായിരുന്നു.