മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീലയന്‍സ് റീട്ടെയില്‍ പൊതു നിക്ഷേപകരുടെ കൈവശമുള്ള എല്ലാ ഓഹരികളും തിരികെ വാങ്ങുന്നു. ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് തിരികെ വാങ്ങല്‍ പ്രഖ്യാപിച്ചത്. പ്രൊമോട്ടര്‍മാര്‍ ഒഴികെയുള്ളവരുടെ എല്ലാ ഓഹരികളും തിരികെ വാങ്ങുന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. കൂടിയ വിലയ്ക്ക് ഓഹരികള്‍ സ്വന്തമാക്കിയവര്‍ക്ക് കമ്പനിയുടെ നീക്കം തിരിച്ചടിയായി.
തിരികെ വാങ്ങല്‍ പദ്ധതി പ്രകാരം 12.31 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളത്. റിയലന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിക്ഷേപകരുടെ അനുമതി കൂടി ലഭിച്ചാല്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കേണ്ടിവരും. റിലയന്‍സ് റീട്ടെയിലിന്റെ 99.91 ശതമാനം ഓഹരികളും റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ കൈവശമാണ് ഇപ്പോഴുള്ളത്. പ്രൊമോട്ടര്‍മാരല്ലാത്ത ഓഹരി ഉടമകളിലായി 78.65 ലക്ഷം ഓഹരികളും ഉണ്ട്. ചില ബ്രോക്കര്‍മാരും അവരുടെ ഇടനിലക്കാരും ലിസ്റ്റ് ചെയ്യാത്ത കമ്പനിയുടെ ഓഹരികള്‍ കൂടിയ വിലയ്ക്ക് ട്രെഡ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ നീക്കം നടത്തിയതെന്നാണ് സൂചന. 2,500-2,800 നിലവാരത്തില്‍ കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജെ.പി മോര്‍ഗന്‍, ഏണസ്റ്റ് ആന്‍ഡ് യങ് തുടങ്ങിയവ 850-1073 നിലവാരത്തിലാണ് ഓഹരികളുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളത്.
ആഗോള നിക്ഷേപ സ്ഥാപനമായ ബേണ്‍സ്റ്റെയിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് റീട്ടെയിലിന്റെ മൂല്യം 10.82 ലക്ഷം കോടി രൂപയാണ്. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ 85 ശതമാനം ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലാണിപ്പോഴുള്ളത്. ആഗോള പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് 2020ല്‍ റിയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് 47,265 കോടി രൂപ സമാഹരിച്ചിരുന്നു. 4.2 ലക്ഷം കോടി രൂപയായിരുന്നു അന്ന് കമ്പനിയുടെ മൂല്യം. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 30ശതമാനം വര്‍ധിച്ച് 9,181 കോടി രൂപയായിരുന്നു.