ലോസ് ആഞ്ചലസ്: ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍സ് ലീഗില്‍ സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഒരു പന്ത് ബാക്കിനില്‍ക്കെ നായകന്‍ ഷെയ്ന്‍ വോണാണ് സിക്‌സറിലൂടെ വാരിയേഴ്‌സ് ജയം പൂര്‍ത്തിയാക്കിയത്.
നാലു വിക്കറ്റ് ജയത്തോടെ പരമ്പരയിലെ അവസാന മത്സരവും ജയിച്ച് വാരിയേഴ്‌സ് 3-0ന് പരമ്പര സ്വന്തമാക്കി. 443 റണ്‍സാണ് മത്സരത്തില്‍ പിറന്നത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബ്ലാസ്‌റ്റേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 27 പന്തില്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിനാണ് ബ്ലാസ്‌റ്റേഴ്‌സ് ടോപ് സ്‌കോറര്‍. ഗാംഗുലി (37 പന്തില്‍ 50), വീരേന്ദര്‍ സെവാഗ് (15 പന്തില്‍ 27), മഹേല ജയവര്‍ധനെ (18 പന്തില്‍ 47), കാള്‍ ഹൂപ്പര്‍ (22 പന്തില്‍ 33) എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തി. നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് സച്ചിന്റേതുള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡാനിയല്‍ വെറ്റോറിയാണ് വോണ്‍സ് വാരിയേഴ്‌സ് ബോളര്‍മാരില്‍ മികച്ചുനിന്നത്.
ജാക് കാലിസ് (47), പോണ്ടിംഗ് (43), സംഗക്കാര (42), സൈമണ്ട്‌സ് (31) എന്നിവര്‍ വാരിയേഴ്‌സ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫീല്‍ഡിംഗിലെ പിഴവുകളും കൈവിട്ട ക്യാച്ചുകളുമാണ് മികച്ച സ്‌കോര്‍ നേടിയിട്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്കു കാരണമായത്.
ജാക്ക് കാലിസ് കളിയുടെ താരവും കുമാര്‍ സംഗക്കാര പരമ്പരയുടെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.