എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കും: ആർപിഎഫ്

കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് ആർപിഎഫ് ഐജി ടി എം ഈശ്വരറാവു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കുമെന്നും ഈശ്വരറാവു പറഞ്ഞു. കണ്ണൂരിലെത്തി തീവയ്പ്പുണ്ടായ കോച്ച് പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെറിയ സ്‌റ്റേഷനുകളിൽ അടക്കം കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ട്രെയിനുകളിലും ക്യാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ജീവനക്കാരുടെ ക്ഷാമം ഉണ്ട്. അതുകൊണ്ട് എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ജീവനക്കാരുടെ കുറവ് സാങ്കേതികവിദ്യ ഉപയോഗിച്ച് മറികടക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷയുടെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സ്‌കാനറുകൾ സ്ഥാപിക്കും. പ്രതിയെ കണ്ടെത്തുന്നതിന് സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിന് എല്ലാവിധ സഹകരണവും ഉറപ്പാക്കുമെന്നും ഈശ്വരറാവു പറഞ്ഞു. അതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

Top