തിരുവനന്തപുരം: കേരളത്തിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റി. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നാളെത്തേക്കാണ് പരിപാടികള്‍ മാറ്റിവെച്ചിട്ടുള്ളത്.
അതേസമയം, കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇവരില്‍ 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുകയാണ്. ഇതില്‍ 6 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഗുരുതരമല്ലാത്ത പൊള്ളലുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന എല്ലാവര്‍ക്കും സാധിക്കുന്ന തരത്തിലുള്ള ആധുനിക ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്നും പരിക്കേറ്റവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പ്രധാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടാതെ ആരോഗ്യ വകുപ്പിന്റെ ഹെല്‍പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അപകടം മുന്നില്‍ കണ്ട കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെ മാനസിക പിന്തുണ നല്‍കുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.