പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ വിലസുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കും

കൊച്ചി: പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ വിലസുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം.

നികുതി വെട്ടിക്കുന്നതിനായി വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ഇതിനെ തുടര്‍ന്ന് നടത്തുന്ന പരിശോധന നവംബര്‍ നാലുവരെ തുടരും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്.

വി.ഐ.പികളടക്കം നിരവധി പേര്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

തൃപ്പൂണിത്തറയിലെ സ്വകാര്യ പാര്‍പ്പിട സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത 10 വാഹനങ്ങളുടെ ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി.

പത്തുദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഒരുകോടിയിലധികം വില വരുന്ന ആഡംബര വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റോഡ് നികുതി അടക്കം വിവിധ നികുതികളിലായി 14-16 ലക്ഷംവരെ നല്‍കണം.

എന്നാല്‍, പുതുച്ചേരിയില്‍ ഇത് ഒന്നര മുതല്‍ രണ്ടുലക്ഷം രൂപയില്‍ ചുരുങ്ങും. അതിനാല്‍ വാഹന ഉടമകള്‍ വ്യാജ വിലാസം നല്‍കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതായാണ് കണ്ടെത്തിയത്.

വര്‍ഷങ്ങളായി തുടരുന്ന ഈ നടപടി മൂലം സംസ്ഥാനത്തിനു കോടികളുടെ നികുതി നഷ്ടം സംഭവിച്ചതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Top