ഡൽഹി: അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതനിടെ മൂന്ന് സേനയുടേയും മേധാവിമാർ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കര, നാവിക, വ്യോമസേനാ മേധാവിമാർ ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാവും.
അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇക്കൊല്ലം 46,000 പേർക്കും തുടർന്നുള്ള നാല്- അഞ്ച് വർഷം 50,000–60,000 പേർക്കുമായിരിക്കും നിയമനം. പിന്നീട് ഇത് 90,000– 1.25 ലക്ഷമായി വർധിപ്പിക്കും.
അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതു വഴി ഭാവിയിൽ സേനകളുടെ അംഗബലം കുറയും. നിലവിൽ 14 ലക്ഷമാണു കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം. ഇത് ഘട്ടം ഘട്ടമായി കുറയ്ക്കുകയാണു ലക്ഷ്യം. ഇക്കാര്യങ്ങളും ചർച്ചയിൽ പ്രധാന വിഷയമാകും.