പ്രായവും പക്വതയുമുള്ളവരെയും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതി : വനിതാ ലീഗ്

ലപ്പുറം : തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് നല്‍കി വനിതാ ലീഗ്. പ്രായവും പക്വതയുമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നാണ് വനിതാ ലീഗ് നിലപാട്. ലീഗ് സംസ്ഥാന അധ്യക്ഷ സുഹറാ മമ്പാടിന്റെ ഉള്‍പ്പെടെ പേരുകളാണ് വനിതാ ലീഗ് നേതൃത്വം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്.

ഇത്തവണ ഒരു സീറ്റില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ലീഗ് തീരുമാനമെടുത്തതിന് പിന്നാലെയാണ് വനിതാലീഗ് നീക്കം. എം.കെ. മുനീറിന്റെ മണ്ഡലമായ കോഴിക്കോട് സൗത്തില്‍ നിന്ന് മുനീര്‍ മാറുന്നതോടെ ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായി യുവവനിതാ മുഖമെത്തുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വനിതാലീഗ് തങ്ങളുടെ നിലപാട് മാതൃസംഘടനയെ അറിയിച്ചത്. പ്രായവും പക്വതയുമുള്ള മുതിര്‍ന്ന നേതാക്കളെ വനിതാ ലീഗിന് സീറ്റുണ്ടെങ്കില്‍ പരിഗണിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്. മത്സരിക്കാന്‍ യോഗ്യരായ നേതാക്കളുടെ പട്ടികയും വനിതാലീഗ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറി. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറാ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി. കുല്‍സു എന്നിവരുടെ പേരുകളാണ് വനിതാ ലീഗ് നല്‍കിയിരിക്കുന്നത്.

Top