പൗരത്വ ഭേദഗതി ബില്ലിന് എതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ തീപ്പൊരി പടര്‍ന്നത് ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പോലീസ് നടപടികളില്‍ നിന്നാണ്. ഡിസംബര്‍ 15നാണ് ക്യാംപസിന് അകത്തും പുറത്തും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അരങ്ങുതകര്‍ത്തത്. ക്യാംപസിന് അകത്ത് സഹവിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദനത്തില്‍ നിന്നും രക്ഷിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് പ്രതിഷേധങ്ങളുടെ മുഖമായി മാറിയത്.
ലദീദ സഖലൂണ്‍, അയ്ഷ റെന്നാ എന്‍ എന്നിവരാണ് ആ പെണ്‍പുലികള്‍. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയ പൂച്ചെണ്ടും, വിമര്‍ശനങ്ങളും വാരിക്കോരി നല്‍കുന്നുണ്ട്. ഇതിനിടെ പലവിധ വാര്‍ത്തകളും അവരെക്കുറിച്ച് പ്രചരിക്കുന്നു. കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്നുള്ള ലദീദാ സഖലൂണ്‍ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ അറബിക് ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ്.
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സജീവ പ്രവര്‍ത്തകയായ ലദീദയുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് പേജ് ബ്ലോക്കായതോടെ മറ്റൊരു അക്കൗണ്ടില്‍ നിന്നാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം. അല്‍പ്പം യാഥാസ്ഥിതികമാണ് വിവാഹിതയായ ഈ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റുകള്‍. ഇവയില്‍ പലതും ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മതേതരത്വം ഒക്കെ പണ്ടുതന്നെ ഉപേക്ഷിച്ചതാണെന്ന് ലദീദയുടെ മറ്റൊരു പോസ്റ്റിലും വ്യക്തമാക്കുന്നു. ഹിജാബ് ധരിച്ച് ആയുധവുമായി നില്‍ക്കുന്ന സ്ത്രീയുടെ ചിത്രത്തിന് ‘ഹിജാബികളുടെ ശക്തി കുറച്ച് കാണരുത്’ എന്നാണ് സന്ദേശം.
അയ്ഷ റെന്നായും കേരളത്തിലെ കൊണ്ടോട്ടി സ്വദേശിനിയാണ്. ജാമിയയില്‍ ഹിസ്റ്ററി മാസ്‌റ്റേഴ്‌സ് പഠിക്കുന്നു. ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലും ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ അഫ്‌സല്‍ റഹ്മാനെ വിവാഹം ചെയ്തിട്ടുള്ള അയ്ഷ മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയില്‍ ദുഃഖവും രേഖപ്പെടുത്തിയ വ്യക്തിയാണ്.
ഫേസ്ബുക്ക് വളരെ ആക്ടീവായിരുന്ന ഇരുവരും ഡിസംബര്‍ 16ന് ശേഷം ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.