ന്യൂഡല്‍ഹി:യു.പി. നോയിഡയിലെ കുപ്രസിദ്ധമായ നിതാരി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സുരേന്ദ്ര കോലിയെ വിചാരണക്കോടതി വധശിക്ഷവിധിച്ച 12 കേസുകളില്‍ അലഹാബാദ് ഹൈക്കോടതി കുറ്റമുക്തനാക്കി.കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും കുറ്റമുക്തനാക്കി. ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, സയിദ് അഫ്താബ് ഹുസൈന്‍ റിസ്വി എന്നിവരാണ് പ്രതികളുടെ ഹരജി പരിഗണിച്ച് ഉത്തരവിട്ടത്.
2006 ഡിസംബര്‍ 29-നാണ് പ്രതികള്‍ പിടിയിലാകുന്നത്. 16 കൊലപാതക കേസുകളാണ് സി.ബി.ഐ അന്വേഷിച്ചത്. കുട്ടികളുള്‍പ്പെടെയുള്ളവരെ സുരേന്ദ്ര കോലിയും മൊനീന്ദര്‍ സിങ്ങും വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മാംസഭാഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശേഷം അവശിഷ്ടങ്ങള്‍ കഷണങ്ങളാക്കി വീടിനുപിറകില്‍ കുഴിയെടുത്ത് മൂടുകയായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തി. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ചുമത്തി 19 കേസാണ് സി.ബി.ഐ. 2007-ല്‍ ഇരുവര്‍ക്കുമെതിരേ ചുമത്തിയത്. ഇതില്‍ മൂന്നുകേസ് തെളിവുകളുടെ അഭാവത്തില്‍ പിന്നീട് റദ്ദാക്കി.
2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂര്‍മുമ്പാണ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെനടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടി. ജസ്റ്റിസുമാരായ എച്ച്.ആര്‍. ദത്തു, എ.ആര്‍. ദാവെ എന്നിവരാണ് വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടത്.പാന്ഥര്‍ നോയിഡയിലെ ജയിലിലും കോലി ഗാസിയാബാദിലെ ജയിലിലുമാണ്. ഇതുമായി ബന്ധപ്പെട്ട ഒരുകേസിലെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കാത്തതിനാല്‍ കോലി വീണ്ടും ജയിലില്‍ തുടരും.കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.