ന്യൂഡല്‍ഹി: അനധികൃത നിയമനങ്ങള്‍ ചോദ്യംചെയ്യുകയും സംഘ്പരിവാര്‍ നേതാവിനെതിരെ പ്രതിഷേധിക്കുകയും ചെയ്ത അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ കാമ്പസില്‍നിന്നു പുറത്താക്കാന്‍ അണിയറനീക്കം.
സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ ആദ്യ വനിതാ അധ്യക്ഷയായ റിച്ച സിങ്ങിനെ കോഴ്‌സ് പ്രവേശം സംബന്ധിച്ച സാങ്കേതികത്വം പറഞ്ഞാണ് പുറത്താക്കാന്‍ നീക്കംനടക്കുന്നത്. അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷയായി ഒരു വിദ്യാര്‍ഥിനി തെരഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കാനാവാത്ത എ.ബി.വി.പിയുടെ പകപോക്കലാണിതെന്നും റിച്ച ആരോപിക്കുന്നു.
പിന്നാക്ക വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട സീറ്റിലാണ് റിച്ചക്ക് സര്‍വകലാശാലയില്‍ പിഎച്ച്.ഡി പ്രവേശം ലഭിച്ചതെന്നാണ് അന്വേഷണ സമിതി പറയുന്നത്. 201214ല്‍ നടന്ന ഈ പ്രവേശം വിദ്യാര്‍ഥിനിയുടെ കുഴപ്പം മൂലമല്ല മറിച്ച്, അഡ്മിഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു പറ്റിയ തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അഡ്മിഷന്‍ അസാധുവാകുമെന്നാണ് സൂചന. ഇനി തീരുമാനമെടുക്കേണ്ടത് സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രഫ. ആര്‍.എല്‍. ഹാംഗ്ലുവാണ്.
ലൈംഗിക അപവാദം നേരിടുന്ന ആളെ ഓഫിസില്‍ നിയമിച്ചെന്നാരോപിച്ച് വി.സിക്കെതിരെ സമരംചെയ്ത റിച്ച സംഘ്പരിവാറിന്റെയും കണ്ണിലെ കരടാണ്. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി ലോക്‌സഭാംഗം ആദിത്യനാഥിനെ കാമ്പസിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നടത്തിയ ശ്രമത്തെ ഇവര്‍ എതിര്‍ത്തുതോല്‍പിച്ചിരുന്നു.
വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥികളിലൊരാളാണ് റിച്ചയുടെ അഡ്മിഷനെതിരെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ശാരീരികമായി ആക്രമിക്കുകയും ലൈംഗിക അതിക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ പലവട്ടം പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് റിച്ച പറയുന്നു.
സമാജ് വാദി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച റിച്ച രോഹിത് വെമുലയെ അനുകൂലിച്ചും ജെ.എന്‍.യു വേട്ടയെ എതിര്‍ത്തും ഈയിടെ ഡല്‍ഹിയില്‍ പ്രസംഗിച്ചിരുന്നു.