കെ വി തോമസ് റിപ്പോര്‍ട്ടും അതിലെ നടപടിയും അപഹാസ്യമെന്ന്‌ പ്രദേശിക നേതാക്കള്‍

ആലപ്പുഴ:17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20സീറ്റില്‍ 19ഉം യുഡിഎഫ് കൊണ്ടു പോയപ്പോള്‍ ആലപ്പുഴയില്‍ വിജയം എല്‍ഡിഎഫിനായിരുന്നു. ആലപ്പുഴയില്‍ യുഡിഎഫിനേറ്റ പരാജയം വിലയിരുത്തിയ കെ വി തോമസ് റിപ്പോര്‍ട്ടും അതിലെ നടപടിയും അപഹാസ്യമാണെന്ന് ആരോപിച്ച് പ്രദേശിക നേതാക്കള്‍ രംഗത്ത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും പ്രാദേശിക നേതാക്കളായ തങ്ങളുടെ ചുമലില്‍ കെട്ടിവെച്ച് നേതാക്കള്‍ രക്ഷപ്പെട്ടെന്ന് പിരിച്ചുവിട്ട ചേര്‍ത്തല ബ്ലോക്ക് പ്രസിഡന്റ് സി വി തോമസ് പറഞ്ഞു.

ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയ്ക്ക് കാരണം സംഘടനാ പ്രവര്‍ത്തനത്തിലെ അപാകതയെന്നായിരുന്നു കോണ്‍ഗ്രസ് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം വീഴ്ചവരുത്തിയെന്നും കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.

എന്നാല്‍ കെ വി തോമസിന്റെ റിപ്പോര്‍ട്ടിനെതിരെ കടുത്ത ആരോപണങ്ങളാണ് പ്രാദേശിക നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ തെരഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ട് മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണെന്നും ഇത് നേതാക്കളുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നുമാണ് പ്രദേശിക നേതാക്കള്‍ ഉന്നയിക്കുന്നത്.

കെ വി തോമസ് കമ്മിറ്റി ശുപാര്‍ശ പ്രകാരം ആലപ്പുഴയിലെ കോണ്‍ഗ്രസിന്റെ ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൗത്ത് ബ്‌ളോക്ക് എന്നീ നാല് ബ്‌ളോക്ക് കമ്മറ്റികളാണ് പിരിച്ചുവിട്ടത്. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട ചേര്‍ത്തല , കായംകുളം എന്നിവടങ്ങളിലെ മണ്ഡലം കമ്മിറ്റികളും ബൂത്ത് കമ്മറ്റികളും പുനസംഘടിപ്പിക്കണമോയെന്ന് ചര്‍ച്ചകളിലൂടെ തീരുമാനിക്കും.

Top