കണ്ണൂര്‍: സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പറഞ്ഞ സുധാകരന്‍ ഈ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോടെ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തുടരും. സ്ഥാനം മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജയരാജന്‍ വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തരകാര്യമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ രംഗത്തുവന്നു. ഇപിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ തൃപ്തികരമായ അന്വേഷണം വേണമെന്ന് ലീഗ് ആവശ്യപ്പെടുകയാണ്. എംഎല്‍എയുടെ പ്രസ്താവനയില്‍ ലീഗ് നേതാക്കളായ കെപിഎ മജീദും, കെഎം ഷാജിയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസുമടക്കമുളളവര്‍ എതിര്‍പ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി മുന്നോട്ടു വന്നത്.
ഇ പിക്കെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. വിഷയം 2019 മുതല്‍ സിപിഐഎം എന്തിന് ഒളിപ്പിച്ചുവെച്ചുവെന്ന ചോദിച്ച സതീശന്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമല്ല അതെന്നും അഭിപ്രായപ്പെട്ടു. എന്ത് കൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിഷയത്തില്‍ ഇടപെടാതിരുന്നത്. ഇത് അഴിമതിയാണ്. ആരോപണം അന്വേഷിക്കണമെന്നും മുഴുവന്‍ കാര്യങ്ങളും പുറത്തുവരട്ടേയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.