കോഴിക്കോട്: കാലു മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്നയുടെ കുടുംബം. ഒരു വർഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്‍റെ രേഖകൾ കൈവശമുണ്ട്. വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താൻ ചികിത്സാ രേഖകളിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന് മകൾ ഷിംന പറഞ്ഞു. ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. തുടർചികിത്സയ്ക്കായി സജ്നയെ ബന്ധുക്കൾ നാഷണൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി. ബഹിർഷാന്‍റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇന്നലെയാണ് സർജറി പൂർത്തിയായത്. ഇന്ന് രാവിലെ ബോധം തെളിഞ്ഞപ്പോൾ ആണ് പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജ്ന അറിയുന്നത്.