മന്ത്രി തോമസ് ചാണ്ടിയുടെ നില പരുങ്ങലില്‍, കോടീശ്വര മന്ത്രിക്ക് പിന്‍ഗാമി പാല്‍ക്കാരന്‍ ?

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിക്ക് എതിരായതോടെ എന്‍.സി.പിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെടുവാന്‍ സാധ്യതയേറി.

തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പകരം ഫോണ്‍ കെണിയില്‍പ്പെട്ട് മന്ത്രി സ്ഥാനം രാജിവച്ച എം.കെ ശശീന്ദ്രനെ മന്ത്രിയാക്കില്ലന്നാണ് സൂചന.

ഇവര്‍ രണ്ടു പേര്‍ മാത്രമാണ് എന്‍.സി.പി എം.എല്‍.എമാര്‍ എന്നതിനാല്‍ പുതിയ അവകാശവാദവുമായി രംഗത്തു വരാന്‍ എന്‍.സി.പി ദേശീയ നേതൃത്വത്തിനും കഴിയില്ല.

സി.പി.എം തന്നെ എന്‍.സി.പി കൈകാര്യം ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഏറ്റെടുക്കാനാണ് സാധ്യത.

പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിയാക്കണമെന്ന അഭിപ്രായം ചില സി.പി.എം നേതാക്കള്‍ക്കുണ്ട്.

എന്നാല്‍ ബന്ധുനിയമന കേസില്‍ നിന്നും തലയൂരിയെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പുലര്‍ത്തേണ്ട ജാഗ്രത ജയരാജന്‍ കാണിക്കാതിരുന്നതിനാല്‍ തല്‍ക്കാലം മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷ നേതാക്കളുടെയും നിലപാട്.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി തന്നെ ജയരാജനെ ശാസിച്ചതിനാല്‍ ഇനി ഒരവസരം നല്‍കണമെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും അനിവാര്യമാണ്.

22752108_2021840024714510_294505196_n

ചാണ്ടിയുടെ കാര്യമായാലും ജയരാജന്റെ കാര്യമായാലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് കളക്ടര്‍ അനുപമ സമര്‍പ്പിച്ചത്.

റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.

മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് അറിയുന്നത്. കടുത്ത നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ബോയ സ്ഥാപിക്കാന്‍ ആര്‍.ഡി.ഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും തലസ്ഥാനത്ത് എത്തിയ ശേഷം ഫയല്‍ പരിശോധിച്ച് പ്രതികരിക്കാമെന്നുമാണ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കോര്‍ട്ടലക്ഷ്യമാണെന്ന വിചിത്ര വാദവുമായാണ് തോമസ് ചാണ്ടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

കുറ്റക്കാരായ ആളുകളെ ഒരു നിമിഷം പോലും മന്ത്രി സഭയില്‍ ഇരുത്തില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ആനത്തലവട്ടം ആനന്ദന്‍ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അഭിപ്രായപ്പെട്ടത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇനിയും തോമസ് ചാണ്ടിയെ ചുമക്കേണ്ടതില്ലെന്ന അഭിപ്രായം സി.പി.എമ്മില്‍ ശക്തമാണെന്നതിന്റെ തെളിവാണിത്.

ഇടതു ജാഥകള്‍ നടന്നുകൊണ്ടിരിക്കെ മന്ത്രിയെ മാറ്റേണ്ടി വന്നാല്‍ ‘ക്ഷീണ’മാകുമെന്നതിനാല്‍ ജാഥക്കു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്ന നിലപാടും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.

സി.പി.എം മന്ത്രിയാണ് ചാണ്ടിക്ക് പകരം വരികയെങ്കില്‍ കോട്ടയത്തുനിന്നുള്ള സുരേഷ് കുറുപ്പ് , പത്തനം തിട്ടയില്‍ നിന്നുള്ള രാജു എബ്രഹാം എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.

22752018_2021840001381179_98682371_n (2)

സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിലെടുക്കണമെന്ന നിര്‍ദേശം ഇ.പി.ജയരാജന്‍ രാജിവച്ചതു മുതല്‍ സജീവമായതിനാല്‍ ഇതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

അതേസമയം ശതകോടീശ്വരനായ തോമസ് ചാണ്ടിയുടെ പകരക്കാരന്‍ ‘പാല്‍ക്കാരനായ’ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനെയാക്കി ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കണമെന്ന അഭിപ്രായവും സി.പി.എമ്മിലുണ്ട്.

ചാനല്‍ മേധാവി കൂടിയായ കോടീശ്വരന്‍ ശ്രേയസ് കുമാറിനെ വന്‍ ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചാണ് ശശീന്ദ്രന്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയത്.

സി.പി.എം പ്രവര്‍ത്തകരുടെ അഭിമാനമായ ഈ നേതാവ് ചെരിപ്പു പോലും ജീവിതത്തില്‍ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല.

സി.പി.എം ജില്ലാ സെക്രട്ടറി ആയാലും എം.എല്‍.എ ആയാലും സഞ്ചാരം സൈക്കിളിലാണ്. അതും പാല്‍ ചുമന്ന് . . മണ്ണില്‍ പണിയെടുക്കുന്നത് അഭിമാനത്തോടെ കാണുന്ന ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്.

22773630_2021839968047849_941156392_n

ശശീന്ദ്രന്റെ ഈ വ്യക്തിത്വം തന്നെയാണ് അദ്ദേഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരുന്നത്.

ആ പരിഗണന ഇനി മന്ത്രി സ്ഥാനത്തേക്ക് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

നിലവില്‍ വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ നിന്നുമാണ് മന്ത്രിസഭയില്‍ പ്രതിനിധികളില്ലാത്തത്.

Top