പ്രിയദര്‍ശന്‍ ചിത്രത്തില്‍ ‘മതനിന്ദ’ ആരോപണം; മാപ്പ് പറഞ്ഞ് നായകൻ ശ്രേയസ് തല്‍പാഡെ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം കമാല്‍ ധമാല്‍ മലമാലിലെ ഒരു രംഗത്തെച്ചൊല്ലി ഉയര്‍ന്ന മതനിന്ദാ ആരോപണത്തില്‍ മാപ്പ് ചോദിച്ച് നടന്‍ ശ്രേയസ് തല്‍പാഡെ. ഷാഫിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ മേരിക്കുണ്ടൊരു കുഞ്ഞാടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കമാല്‍ ധമാല്‍ മലമാല്‍. നീരജ് വോറയായിരുന്നു ഇതിന്റെ തിരക്കഥ. നാന പടേക്കര്‍, പരേഷ് റാവല്‍, ഓം പുരി തുടങ്ങിയവര്‍ക്കൊപ്പം ശ്രേയസ് തല്‍പാഡെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതില്‍ ശ്രേയസ് തല്‍പാഡെയുടെ ഒരു രംഗത്തെച്ചൊല്ലിയാണ് ട്വിറ്ററില്‍ മതനിന്ദാ ആരോപണം ഉയര്‍ന്നത്.

ജെംസ് ഓഫ് ബോളിവുഡ് ഫാന്‍ എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് ചിത്രത്തിന്റെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു മിനി ലോറിയുടെ ബോണറ്റില്‍ ചവുട്ടി അതിന്റെ ഡ്രൈവറോട് കയര്‍ക്കുന്ന ശ്രേയസ് കഥാപാത്രമാണ് വീഡിയോയില്‍. മിനി ലോറികളില്‍ സാധാരണ പേര് എഴുതുന്ന സ്ഥാനത്ത് ഓംകാര ചിഹ്നമാണ്. കഥാപാത്രം ഇതില്‍ ചവുട്ടിയത് മതനിന്ദയാണെന്ന തരത്തിലാണ് ആഗോപണം. ഈ വീഡിയോ വൈറല്‍ ആതിനെത്തുടര്‍ന്നാണ് നടന്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്.

Top