മലപ്പുറത്ത് ഭാരത്‌ ജോഡോ യാത്രയുടെ ഫണ്ട് വെട്ടിച്ചെന്ന് ആരോപണം; ഡിസിസിയിൽ പൊട്ടിത്തെറി

മലപ്പുറം: രാഹുല്‍ഗാന്ധി എം.പി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്ന് മലപ്പുറം ഡി.സി.സി നേതൃയോഗത്തില്‍ ഗുരുതര ആരോപണം. വെള്ളിയാഴ്ച ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി ഫണ്ടിന്റെ കണക്ക് ചോദിച്ച് ഭാരവാഹികള്‍ ശബ്ദമുയര്‍ത്തിയത്. ഭാരത്‌ജോഡോ യാത്രക്കുവേണ്ടി ജില്ലയിലെ 2756 ബൂക്ക് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്നായി സംഭാവനകൂപ്പണ്‍ നല്‍കി 6000 രൂപവെച്ച് 1,65,3600 രൂപയാണ് ഡി.സി.സിക്ക് ലഭിക്കേണ്ടുന്ന ഫണ്ട്. ഇതിനു പുറമെ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍, പ്രവാസികള്‍, ക്വാറി, ബാര്‍ മുതലാളിമാര്‍ എന്നിവരില്‍ നിന്നും ലക്ഷങ്ങള്‍ വേറെയും പിരിച്ചെടുത്തിട്ടുണ്ട്. പ്രത്യേക സപ്ലിമെന്റില്‍ പരസ്യങ്ങള്‍ സ്വീകരിച്ചും ഡി.സി.സി ഫണ്ട് സമാഹരിച്ചിരുന്നു.

എന്നാല്‍ 80 ലക്ഷത്തോളം രൂപമാത്രമാണ് പിരിഞ്ഞു കിട്ടിയതെന്നും ഇതില്‍ 60 ലക്ഷത്തില്‍പരം രൂപ ചെലവായെന്നുമാണ് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി യോഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് ശരിയല്ലെന്നും വ്യക്തമായ കണക്ക് യോഗത്തില്‍ വെക്കണമെന്നും ഭാരവാഹികള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 27, 28, 29 തിയ്യതികളിലാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 28ന് നിലമ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാനതല സമാപനസമ്മേളനം മാറ്റിവെച്ചിരുന്നു. വേദിപോലും കെട്ടാതെ പ്രചരണവാഹനത്തില്‍ നിന്നാണ് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. രാഹുല്‍ഗാന്ധി അടക്കമുള്ള യാത്രാ അംഗങ്ങള്‍ കണ്ടെയിനര്‍ കാരവനിലാണ് താമസിച്ചിരുന്നത്. എന്നിട്ടും 60 ലക്ഷം രൂപ എവിടെ ചെലവഴിച്ചെന്നാണ് ഭാരവാഹികള്‍ ചോദ്യം ഉയര്‍ത്തിയത്.

സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ഡി.സി.സി പ്രസിഡന്റായ വി.എസ് ജോയി 2021 ആഗസ്റ്റിലാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റത്. സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെയും വി.എസ് ജോയിയെയുമാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. കോണ്‍ഗ്രസ് സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എ എന്നിവരുടെ പിന്തുണയോടെ വി.എസ് ജോയിക്ക് നറുക്ക് വീഴുകയായിരുന്നു.

ജോയി ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ് ഒന്നര വര്‍ഷമാകുമ്പോള്‍ വിളിച്ചു ചേര്‍ത്ത ഡി.സി.സി ഭാരവാഹികളുടെ മാത്രമായുള്ള ആദ്യ യോഗത്തിലായിരുന്നു ഫണ്ട് പിരിവിനെതിരെ ആരോപണം ഉയര്‍ന്നത്. ഇതിന് മുമ്പ് കെ.പി.സി.സി പാര്‍ട്ടിപരിപാടികള്‍ സംഘടിപ്പിക്കാനായി ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെയും കെ.പി.സി.സി അംഗങ്ങളുടെയും സംയുക്തയോഗങ്ങളാണ് നടന്നിരുന്നത്. ഈ യോഗങ്ങളില്‍ സംഘടനാകാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഭാരവാഹികളുടെ യോഗത്തിലേ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാനാവൂ എന്ന് പറഞ്ഞ് തടയുകയായിരുന്നു.

ഭാരത്‌ജോഡോ യാത്രക്ക് മുമ്പ് കെ.പി.സി.സി ഫണ്ട് പിരിവായ 137 ചലഞ്ച്, കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ഇനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൈമാറിയ തുകയുടെ കണക്കുകള്‍, പാണ്ടിക്കാടും തിരൂരും ഡി.സി.സി യുടെ നേതൃത്വത്തില്‍ നടത്തിയ റാലികള്‍ക്കായി പിരിച്ച തുകയുടെ കണക്കുകള്‍ എന്നിവയും അവതരിപ്പിച്ചില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഡി.സി.സി ഭാരവാഹികളും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും കൂടിയാലോചിക്കാതെ ഡി.സി.സി പ്രസിഡന്റ് ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു.

മുന്‍കാലങ്ങളില്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഭാരവാഹികളെ കണ്ടെത്തുന്നതിനും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കുമെല്ലാം ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ജില്ലയിലെ കെ.പി.സി.സി ഭാരവാഹികള്‍ എന്നിവരുള്‍പ്പെട്ട ഉന്നത സമിതിയുണ്ടായിരുന്നു. ഇവര്‍ എല്ലാവരുമായും കൂടിയാലോചന നടത്തിയാണ് തീരുമാനങ്ങളെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞിയും ചേര്‍ന്ന കോക്കസാണ് ഏകപക്ഷിയ തീരുമാനങ്ങളെടുക്കുന്നതെന്ന കടുത്ത വിമര്‍ശനവും യോഗത്തിലുണ്ടായി.

സംഘടനാപരമായ തീരുമാനങ്ങള്‍ മൂവര്‍ സംഘം തനിച്ചെടുക്കേണ്ടെന്നും ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചുമതിയെന്ന കടുത്ത വിമര്‍ശനവും യോഗത്തിലുയര്‍ന്നു. ജില്ലയിലെ മുതിര്‍ന്ന ഡി.സി.സി ഭാരവാഹികളെല്ലാം ഒറ്റക്കെട്ടായി ഡി.സി.സി പ്രസിഡന്റിനെതിരെ രംഗത്തെത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ എ.പി അനില്‍കുമാര്‍ മന്ത്രിയായിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്തൊടി, അജീഷ് എടാലത്ത്, ഹാരിസ്ബാബു, ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി സലീം എന്നിവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പാര്‍ട്ടിപ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണത്തിന്റെ കണക്കവതരിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ഡി.സി.സി ഭാരവാഹികള്‍ കടുത്ത നിലപാടെടുത്തതോടെയാണ് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി അടുത്ത ഭാരവാഹിയോഗത്തില്‍ വിശദമായ കണക്കവതരിപ്പിക്കാമെന്ന ഉറപ്പു നല്‍കിയത്.

Top