തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീല്‍ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമര്‍ശം എഴു ദിവസത്തിനകം പിന്‍വലിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അഭിഭാഷകന്‍ വഴിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലാണ്.
ഗോവിന്ദന്റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും യൂത്ത് കോണ്‍ഗ്രസ് അബിന്‍ വര്‍ക്കി പ്രതികരിച്ചിരുന്നു. ‘രാഹുലിനെ ചാരി ഗോവിന്ദന്‍ ജയരാജന്മാരെ അടിക്കാനാണോ ഉദ്ദേശിക്കുന്നത്. ജാമ്യം ലഭിക്കാന്‍ വേണ്ടി കുറുക്കുവഴികള്‍ തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. കേസുകള്‍ കൊണ്ട് തളര്‍ത്താമെന്ന് ശശിമാര്‍ വിചാരിക്കണ്ട.കേരളത്തില്‍ നടക്കുന്നത് ശശിരാജാണ്’.- അബിന്‍ വര്‍ക്കി പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ഉണ്ടോ എന്ന് സംശയമാണ്. രക്തസമ്മര്‍ദം നോക്കിയപ്പോള്‍ പോലും ഉയര്‍ന്ന നിലയിലായിരുന്നു. ആരുടെ സമ്മര്‍ദപ്രകാരമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായത് എന്നറിയില്ല. സംശയങ്ങളില്‍ അന്വേഷണം വേണം. ആരോഗ്യ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അന്വേഷണം വേണം. ഗോവിന്ദന് വക്കീല്‍ നോട്ടീസയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനല്‍ നടപടികള്‍ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് ഗോവിന്ദന്റേതെന്നും അബിന്‍ വര്‍ക്കി പറഞ്ഞിരുന്നു.