വിദേശ ഫണ്ടിങ് ആരോപണം അടിസ്ഥാനരഹിതം: ആൾട്ട് ന്യൂസ്

വിദേശ ഫണ്ടിങ് അടക്കം തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പൂർണമായും വ്യാജമെന്ന് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ്. ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമ സ്ഥാപനമാണ് ‘ആൾട്ട് ന്യൂസ്’. വിദേശ അക്കൗണ്ടുകൾ വഴി ഒരു തരത്തിലുമുള്ള ഫണ്ടും തങ്ങൾ സ്വീകരിക്കുന്നില്ലെന്നും, എല്ലാ സാമ്പത്തിക ഇടപാടുകളും ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണെന്നും ആൾട്ട് ന്യൂസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ൽ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ‘2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ’ എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് ‘ഹനുമാൻ ഭക്ത്’ എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുയർന്നതിന്റെ അടിസ്ഥാനത്തിലാണ് സുബൈറിന്റെ അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരണം.

Top