മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും മാര്‍ക്ക് ദാന ആരോപണം. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാല ജയിപ്പിച്ചു. പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥിയെ ആണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ആറു മാര്‍ക്ക് നല്‍കി ജയിപ്പിച്ചെടുത്തത്. എംഎസ്എഫ് ആണ് പരാതിയുമായി രംഗത്തെത്തിയത്. നിര്‍ണായക രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
2016-19 ബാച്ചിലെ നിയമമനുസരിച്ച് ഒരു സെമസ്റ്ററിന്റെ പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് ഇല്ലെങ്കില്‍ കോഴ്‌സ് കഴിഞ്ഞ ശേഷം അതേ സെമസ്റ്ററില്‍ റീ അഡ്മിഷന്‍ എടുത്ത് പ്രാക്റ്റിക്കല്‍ വിജയിക്കണം. ഇത് ലംഘിച്ചാണ് സിന്‍ഡിക്കേറ്റ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അപേക്ഷ നിരസിച്ചപ്പോഴും പിന്നീട് അപേക്ഷ പരിഗണിച്ച് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോഴും ഒരേ കണ്‍ട്രോളറും വൈസ് ചാന്‍സലറുമാണ് സര്‍വ്വകലാശാലയില്‍ ഉള്ളത്. കോഴ്‌സ് കാലാവധി അവസാനിച്ച് തോറ്റ വിഷയത്തില്‍ പരീക്ഷ എഴുതാനുള്ള സമയ പരിധിയും കഴിഞ്ഞ വിദ്യാര്‍ത്ഥിയുടെ അപേക്ഷയ്ക്കാണ് സിന്‍ഡിക്കേറ്റും ചാന്‍സലറും അംഗീകാരം നല്‍കിയത്.വിദ്യാര്‍ത്ഥിയുടെ ആവശ്യം ന്യായമാണെന്നായിരുന്നു പുതിയ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സിന്‍ഡിക്കേറ്റ് തീരുമാനം വൈസ് ചാന്‍സലര്‍ അംഗീകരിച്ചതായുള്ള സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീനിന്റെ ഉത്തരവും വന്നു. ചിറ്റൂര്‍ കോളജില്‍ നിന്നുള്ള സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സ്വാധീനത്തിലാണ് മാര്‍ക്ക് നല്‍കിയതെന്നാണ് എംഎസ്എഫിന്റെ ആരോപണം.
ബിഎസ്സി ബോട്ടണി പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് തിയറി പരീക്ഷയ്ക്ക് അമ്പത് ശതമാനം മാര്‍ക്ക് ലഭിച്ചത് പരിഗണിച്ച് പ്രാക്റ്റിക്കല്‍ പരീക്ഷക്ക് പാസാവാന്‍ ആവശ്യമായ 6 മാര്‍ക്ക് അനുവദിക്കണമെന്ന് കോളേജ് പ്രശ്‌ന പരിഹാര സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. നിയമപരമായി സാധ്യതയില്ലെന്ന് കാണിച്ച് അന്നത്തെ സിന്‍ഡിക്കേറ്റ് പരീക്ഷ സ്റ്റാന്‍ഡിങ് സമിതി വിദ്യാര്‍ത്ഥിയുടെ അപേക്ഷ നിരസിച്ചു. പുതിയ സിന്‍ഡിക്കേറ്റ് വന്നതോടെ വിദ്യാര്‍ത്ഥി സര്‍വ്വകലാശാല പ്രശ്‌ന പരിഹാര സമിതിക്ക് വീണ്ടും അപേക്ഷ നല്‍കി. സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് മാര്‍ക്ക് നല്‍കാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം.