ആലപ്പുഴ : കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ഓപ്പറേഷനു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത് (31) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് മരിച്ചത്. ഭർത്താവ്: പഴവീട് ശരത് ഭവനിൽ എസ്.ശരത് ചന്ദ്രൻ (യുഎസ്എ) മക്കൾ: അവന്തിക (ഏഴ്), ആദവ് (നാല്). സംസ്കാരം പിന്നീട്.
ആലപ്പുഴ കണിയാകുളം ജംക്‌ഷനിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ആയ ആശയെ വെള്ളിയാഴ്ച രാവിലെ 9.45നാണു ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷനു ശേഷം തിയറ്ററിനുള്ളിൽ വച്ചു തന്നെ ആശയ്ക്ക് അസ്വസ്ഥത ഉണ്ടായി. രോഗിയുടെ അവസ്ഥ മോശമാണെന്നു മെഡിക്കൽ സംഘം ബന്ധുക്കളെ അറിയിച്ചു. തുടർന്നു ബന്ധുക്കൾ ബഹളം വച്ചതിനെത്തുടർന്നു യുവതിയെ മെഡിക്കൽ ടീമിനൊപ്പം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ കഴിയുമ്പോൾ മൂന്നു തവണ ഹൃദയാഘാതം സംഭവിച്ചു. വൈകിട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ചികിത്സാ പിഴവാണു രോഗി മരിക്കാൻ കാരണമായതെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആലപ്പുഴ സൗത്ത് സ്റ്റേഷനിലും ആരോഗ്യമന്ത്രിക്കും പരാതി നൽകി.