ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ ആരോപണം ഉന്നയിച്ച ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തു. ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് കേസെടുത്തത്. ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവാണ് ഷെഹ്‌ല റാഷിദ്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്‌ല സൈന്യത്തിനെതിരെ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. രാജ്യദ്രോഹം, മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഷെഹ്‌ലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
‘ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വ്വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല.’- എന്നായിരുന്നു ഷെഹ്‌ലയുടെ ഒരു ട്വീറ്റ്.
ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും പ്രദേശവാസികളെ ഭയപ്പെടുത്താന്‍ പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.
എന്നാല്‍ ഷെഹ്‌ലയുടെ ആരോപണങ്ങള്‍ സൈന്യം തള്ളിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സ്ഥിരീകരണമില്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നുമായിരുന്നു സൈന്യത്തിന്റെ പ്രതികരണം