സ്വപ്‌നയുടെ ആരോപണങ്ങൾ ശൂന്യതയിൽ നിന്ന് – പി. ശ്രീരാമകൃഷ്ണന്‍

സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ശൂന്യതയില്‍ നിന്നുള്ളതെന്ന് മുന്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം ഷാര്‍ജ ഷെയ്ഖുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ സ്വകാര്യമായി കണ്ടിട്ടില്ലെന്നും പറഞ്ഞു. സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യമറിയില്ലെന്നും ആരോപണങ്ങളില്‍ ലോജിക്കില്ലായ്മയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഷാര്‍ജ ഷെയ്ഖിനും കോണ്‍സുല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ? ആരോപണങ്ങളെല്ലാം തെറ്റാണ്. അന്വേഷണ ഏജന്‍സികള്‍ വിശദമായി അന്വേഷിക്കുകയും മൊഴിയെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസാണ്. കുറ്റപത്രത്തില്‍ എവിടെയും ഇക്കാര്യങ്ങളൊന്നും പരാമര്‍ശിക്കുന്നില്ല. തീര്‍ത്തും അസംബന്ധമാണ്. ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല’, ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു.

സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളിൽ പുതിയതായി ഒന്നുമുള്ളതായി അറിയില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്വപ്ന പറഞ്ഞതുപോലെ ഒരു കോളേജില്ല. അത്തരത്തിലൊരു കോളേജ് ആരംഭിച്ചിട്ടില്ല. സ്ഥലം കിട്ടിയിട്ടില്ല. ശൂന്യതയില്‍ നിന്നുള്ള ഒരു സംഗതിയാണ്. ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കണ്ടിട്ടില്ല, കാണേണ്ട കാര്യവുമില്ല. ഷെയ്ഖുമായോ കോണ്‍സുല്‍ ജനറലുമായോ വ്യക്തിപരമായ യാതൊരു അടുപ്പവുമില്ല. ഫോണ്‍ നമ്പര്‍ പോലും കൈയ്യിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Top