ലാഹോർ: യുവതിയുടെ ലൈംഗിക പീഡന പരാതിയിൻമേൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെതിരേ കേസെടുക്കാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയോട് (എഫ്.ഐ.എ) നിർദേശിച്ച് ലാഹോർ കോടതി. ഭീഷണിപ്പെടുത്തൽ, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് നിർദേശം. ലാഹോർ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരേ ലൈംഗിക പീഡനമാരോപിച്ച് കേസ് സമർപ്പിച്ചത്. 2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതി പൊലീസിന് മുൻപാകെ സമർപ്പിക്കുന്നത്. പിന്നീട് ഇവർ എഫ്.ഐ.എക്കും പരാതി നൽകുകയായിരുന്നു.
താരം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നൽകി പറ്റിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. അതുമായി ബന്ധപ്പെട്ട ചില മെഡിക്കൽ രേഖകൾ ഹമിസ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലാഹോർ പൊലീസിനോട് ബാബറിനെതിരേ എഫ്.ഐ.ആർ തയ്യാറാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജ് നൊമാൻ മുഹമ്മദ് നയീം ആവശ്യപ്പെട്ടിരുന്നു.