പിണറായി വിജയനാണ് കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മുഖ്യമന്ത്രി ഇത് ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമടാന്‍ പൊലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാന്‍ വരുന്ന ഗണ്‍മാന്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മാര്‍ച്ചില്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്നലെയുണ്ടായത് അസാധാരണ നീക്കമാണ്. FIRല്‍ ഉള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ പാടില്ല. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തില്‍. ഗണ്‍മാന്‍ ഇപ്പോള്‍ VIP ആണ്, പൂര്‍ണ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയില്‍ മോദി കേസ് എടുക്കുന്നു, കേരളത്തില്‍ പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്നും
അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാന്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ബഹിഷ്‌കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. LDF നേതാക്കള്‍ക്ക്‌പോലും നവകേരള സദസില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടന്‍, ശൈലജ ടീച്ചര്‍ എന്നിവര്‍ അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ് റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാര്‍ സംരക്ഷിക്കുന്നില്ലെന്നും മരുമകന്‍ എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ എടുത്ത തീരുമാനത്തിനെതിരെയും വിഡി സതീശന്‍ രംഗത്തെത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ്‌കുമാറെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നവകേരള സദസിന്റെ പ്രയോജനം എന്താണ്. നടന്നത് LDF പ്രചാരണം മാത്രമാണ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താല്‍ നടത്താന്‍ UDF തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറഞ്ഞത്. എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്. നവകേരള സദസില്‍ നടന്നത് ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോന്‍ മന്ത്രിയുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. UDF സമരങ്ങള്‍ തുടരും. കെപിസിസി കൂടി ആലോചിച്ച് തുടര്‍ സമരങ്ങള്‍ നടത്തുമെന്നും ഒരടിപോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.