അലനും താഹയും ജയിലില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി വിയ്യൂരില്‍ നിന്ന് എറണാകുളം ജില്ലാ ജയിലിലേക്ക് താത്കാലികമായി മാറ്റിയപ്പോഴായിരുന്നു സംഭവം.

ജയിലില്‍ പ്രവേശിച്ച സമയം മുതല്‍ ഇരുവരും നിയമാനുസൃതമായ ശരീര പരിശോധനയ്ക്ക് വഴങ്ങിയില്ലെന്നാണ് ജയില്‍ ജീവനക്കാരുടെ പരാതി. ജയിലിലുണ്ടായിരുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറഞ്ഞു, നിയമാനുസൃതമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല, പ്രശ്‌നത്തില്‍ ഇടപെടാനും അനുനയിപ്പിക്കാനും ശ്രമിച്ച ജീവനക്കാരോട് ജയിലിന് പുറത്ത് വച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാര്‍ ആരോപിച്ചിരിക്കുന്നത്.

വിഷയത്തില്‍ എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട്, എന്‍ഐഎ കോടതിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ജീവനക്കാരുടെ റിപ്പോര്‍ട്ട് പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി. കോടതി ഉത്തരവ് പ്രകാരം ഇരുവരെയും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റി.

Top