‘ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി’ -ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍  അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

“കോടതിയില്‍ നിന്ന് മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച് ഉന്നതമായ ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. കെ.എം.മാണിക്കെതിരെ സംശയത്തിന്റെ പേരില്‍ മാത്രം കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സി.പി.എം തന്നെയാണ്.”ചെന്നിത്തല വ്യക്തമാക്കി.

മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വ്യക്തമായി തന്നെയാണ്  ലോകായുക്ത വിധിച്ചിരിക്കുന്നത്. എന്നിട്ടും മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന് പറയുന്ന സി.പി.എം അഴിമതിക്ക് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Top