അറ്റ്‌ലീയും അല്ലു അര്‍ജുനും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലീ പറഞ്ഞ കഥ അല്ലു അര്‍ജുന് ഇഷ്ടമായെന്നും ഒരുമിച്ച് ചിത്രം ചെയ്യാന്‍ താരം സമ്മതം മൂളിയെന്നുമാണ് വിവരങ്ങള്‍. ഒരു കൊമേഴ്ഷ്യല്‍ എന്റര്‍ടെയിനറായിരിക്കും ചിത്രം.
സുകുമാര്‍ ഒരുക്കുന്ന ‘പുഷ്പ 2’ വിന് ശേഷമായിരിക്കും അറ്റ്‌ലീ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അഭിനയിക്കുക. ഈ ചിത്രം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2024 അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് വിവരങ്ങള്‍. 2024 ജനുവരിയോടെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചിത്രം സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുമെന്നും അനിരുദ്ധ് സംഗീതമൊരുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ പുഷ്പ 2 വിന്റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കിയ ജവാന്‍ 1000 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ വിജയ്- ഷാരൂഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ചെയ്യുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ആരാധകര്‍ല പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അല്ലു അര്‍ജുന്‍ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ വരുന്നത്.