ന്യൂഡല്‍ഹി: ഗംഗാ നദിയുടെ ശുദ്ധീകരണത്തിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച വ്യക്തിയാണ് അടുത്തിടെ അന്തരിച്ച ജി.ഡി അഗര്‍വാള്‍. 112 ദിവസമാണ് അദ്ദേഹം ഗംഗാനദിയുടെ പുനരുദ്ധാരണത്തിന് വേണ്ടി ഉപവാസം അനുഷ്ഠിച്ചത്. അഗര്‍വാള്‍ മൂന്ന് തവണ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തില്‍ അദ്ദേഹം കാര്യങ്ങള്‍ നേരിട്ട് ബോധിപ്പിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ കത്തുകള്‍ക്കും മറുപടി നല്‍കിയില്ല. മോദി ഭരണകൂടത്തിന് കീഴില്‍ ഗംഗാനദി വൃത്തിയാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യകത്മാക്കുന്നത്. അതേസമയം, 2013മുതല്‍ ഗംഗാനദിയുടെ വിവിധ ഭാഗങ്ങളില്‍ മലിനീകരണം അതിരൂക്ഷമായി മാറിയിട്ടുണ്ട്. ഇതിന്റെ കണക്കുകളും സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. 2014 മുതല്‍ 2018 വരെ 5,523 കോടി രൂപയാണ് ഗംഗയുടെ ശുചീകരണത്തിനായി അനുവദിച്ചത്. അതില്‍ 3,867 രൂപ ചെലവാക്കി കഴിഞ്ഞു.
കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഗംഗാ നദിയിലെ ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് (ബിഒഡി) 2017 ല്‍ വളരെ വലിയ തോതിലാണ് എത്തിയിരിക്കുന്നത്. ഡിസോള്‍വ്ഡ് ഓക്‌സിജന്റെ (ഡിഒ) അളവ് ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതായത്, വലിയ അളവിലുള്ള ഓക്‌സിജനാണ് ഗംഗാനദിയ്ക്ക് ആവശ്യം. അത്രയധികം മലിനീകരണമാണ് ഇവിടെ നിലനില്‍ക്കുന്നത്.
ബിഒഡിയും ഡിഒയും മലിനീകരണത്തോത് നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളാണ്. ബിഒഡിയുടെ അളവ് ശുദ്ധജലത്തില്‍ 3 മില്ലീമീറ്റര്‍/ ലിറ്ററില്‍ താഴെമാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഡിഒ അളവ് 4 മില്ലീഗ്രാമും വേണമെന്നാണ് കണക്ക്. എന്നാല്‍ മലിനീകരണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ബിഒഡി അളവ് അനുവദിനീയമായ നിലയില്‍ നിന്ന് ക്രമാതീധമായാണ് വര്‍ദ്ധിക്കുന്നത്. ജലജീവികള്‍ക്കും മറ്റും വിശ്വസിക്കാന്‍ പോലും സാധിക്കാന്‍ പറ്റാത്ത വിധത്തിലാണ് ഇപ്പോഴത്തെ മലിനീകരണത്തോത്. ഗംഗാജലം കുളിക്കാനായി ഉപയോഗിക്കാന്‍ പാടില്ലെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു.
221 പദ്ധതികളാണ് ഗംഗയുടെ സംരക്ഷണത്തിനായി രൂപീകരിച്ചത്. 22,238 കോടി രൂപയായിരുന്നു അതിനായി മാറ്റിവച്ചിരുന്നത്. എന്നാല്‍ 26 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പൂര്‍ത്തിയാക്കിയത്. നദീതീരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ആവിഷ്‌ക്കരിച്ച 67 പദ്ധതികളില്‍ 24 എണ്ണം പൂര്‍ത്തിയായി.
പിഎച്ച് അളവും വലിയ അപകടകരമായ നിലയിലാണ് പോകുന്നത്. 6 മുതല്‍ 8.5 പോയന്റ് വരെയാണ് കുഴപ്പമില്ലാത്ത പിഎച്ച് ലവല്‍. എന്നാല്‍, 2017ലെ കണക്കില്‍ ഇത് 8.5നും മുകളിലാണ്. അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് ഗംഗ ഒഴുകുന്നത്. വിവിധ ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണ വസ്തുക്കളുടെ സാന്നിധ്യമാണ് ഗംഗാ മലിനീകരണത്തിന്റെ ഏറ്റവും വലിയ കാരണം.