ന്യൂഡല്‍ഹി : സിബിഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി. സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. അലോക് വര്‍മ്മയ്ക്ക് വീണ്ടും സിബിഐ ഡയറക്ടര്‍ പദവി നല്‍കാനും കോടതി അറിയിച്ചു.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഒക്ടോബര്‍ 23ന് അര്‍ദ്ധരാത്രിയിലായിരുന്നു അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സിബിഐ തലപ്പത്തെ തമ്മിലടികളുടെ പേരിലായിരുന്നു തീരുമാനം. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചുകൊണ്ട് നാഗേശ്വരറാവുവിന് പകരം ചുമതല നല്‍കുകയായിരുന്നു.
തന്നെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം ചോദ്യം ചെയ്ത് അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതി ഇന്ന് വിധി പറഞ്ഞത്.
ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിട്ടും ഒക്ടോബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുമായി ആലോചിക്കാതെ എന്തടിസ്ഥാനത്തിലാണ് അലോക് വര്‍മയെ മാറ്റിയത്?. കമ്മറ്റിയുമായി കൂടിയാലോചിക്കുന്നതില്‍ എന്തായിരുന്നു ബുദ്ധിമുട്ട്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് കേന്ദ്രവിജിലന്‍സ് കമ്മീഷനു വേണ്ടി ഹാജരായ തുഷാര്‍ മെഹ്തയോട് ചോദിച്ചത്.
എന്നാല്‍ ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ ടീമിലുള്ളവരുടെ വീടുകള്‍ പരസ്പരം റെയ്ഡ് ചെയ്തിരുന്നു.
ഇതെല്ലം നടക്കുമ്പോള്‍ പാര്‍ലിമെന്റിനോടും പ്രസിഡന്റിനോടും ഉത്തരം പറയാന്‍ സിവിസിക്കു ഉത്തരവാദിത്വം ഉണ്ട്. ഇതുകൊണ്ടാണ് അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതും സിവിസി അന്വേഷണം നടത്തിയതെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ വാദം.