കോഴിക്കോട് : പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ ജവാന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സെല്‍ഫി പകര്‍ത്തിയിട്ടില്ലന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.
മറ്റാരോ എടുത്ത ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും എം ടി രമേശ് പറഞ്ഞു.
അല്‍ഫോണ്‍സ് കണ്ണന്താനം സൈനികന്റെ മൃതശരീരത്തില്‍ റീത്ത് വയ്ക്കുന്ന ചിത്രമായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ അതിനുപകരം റീത്ത് സമര്‍പ്പിച്ച് മടങ്ങുമ്പോഴുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്. ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റം കണ്ടെത്തുന്നവരാണ് വിവാദത്തിന് പിന്നിലെന്നും എംടി രമേശ് വ്യക്തമാക്കി.
സൈനികന്റെ മൃതശരീരത്തിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രം അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
അതേസമയം മൃതദേഹത്തിനരികെ നിന്നുള്ള സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കണ്ണന്താനം രംഗത്ത് വന്നിരുന്നു. ജവാന്റെ മൃതദേഹത്തിനരികെ നില്‍ക്കുന്ന ചിത്രം സെല്‍ഫിയല്ലെന്ന് വിശദീകരിച്ചാണ് മന്ത്രി രംഗത്തെത്തിയത്.
ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത ചിത്രമാണ്. അവര്‍ ഇത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തു. ആ ചിത്രം സെല്‍ഫിയല്ലെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. താന്‍ സെല്‍ഫി എടുക്കാറില്ല. ഇതുവരെ സെല്‍ഫി എടുത്തിട്ടില്ലന്നും കണ്ണന്താനം പറയുന്നു.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയ്യേണ്ടതെന്നും കൂടി പറഞ്ഞുകൊണ്ടാണ് അല്‍ഫോന്‍സ് കണ്ണന്താനം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായതോടെ ഫേസ് ബുക്കില്‍ നിന്ന് മന്ത്രി ഫോട്ടോ പിന്‍വലിച്ചിരുന്നു.