ടി.പി സെൻകുമാറിനെതിരെ കണ്ണന്താനം രംഗത്ത് വന്നതിന് പിന്നിൽ. . . ‘അജണ്ട’

‘അസൂയക്കും കഷണ്ടിക്കും മരുന്നില്ലെ’ന്ന ഒരു പഴമൊഴിയുണ്ട്. കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ പ്രതികരണം കേട്ടാല്‍ അതാണ് ഓര്‍മ്മ വരിക.

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിന് എതിരായി സെന്‍കുമാര്‍ പ്രതികരിച്ചതിന് കണ്ണന്താനത്തിന് പൊള്ളേണ്ടത് എന്ത് കാര്യത്തിനാണ് ? കേരളത്തില്‍ നിന്നും പോയ പട്ടികയില്‍ നമ്പി നാരായണനെ ഉള്‍പ്പെടുത്താന്‍ പഴയ ഇടത് സ്നേഹം മുന്‍ നിര്‍ത്തി ഇനി താങ്കളാണോ ഇടപെട്ടത് ? സ്വാഭാവികമായും ഇപ്പോള്‍ പൊതു സമൂഹത്തില്‍ ഉയരുന്ന ചോദ്യമാണിത്.

നമ്പി നാരായണന്‍ പത്മഭൂഷണ് അര്‍ഹനാണോ അല്ലയോ എന്ന് തല്‍ക്കാലം പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കേന്ദ്ര സഹമന്ത്രി കണ്ണന്താനത്തിന്റെ പ്രതികരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. കാരണം സങ്കുചിത താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം എന്നത് വ്യക്തമാണ്. അംഗീകാരം കിട്ടുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഉള്ളത് കണ്ണന്താനത്തിനാണ്. താനും മലയാളിയാണെന്നത് മറന്ന് ഇങ്ങനെ അടച്ചാക്ഷേപിക്കരുത്.

മോദി മന്ത്രിസഭയിലെ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവച്ച മന്ത്രിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. എന്തിനു വേണ്ടിയാണ് ഇയാളെ മന്ത്രിയാക്കിയത് എന്ന ചോദ്യം ബി.ജെ.പി നേതാക്കള്‍ തന്നെ പരസ്പരം ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

മന്ത്രിയായ ശേഷം കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യയും കാട്ടി കൂട്ടിയ കോപ്രായങ്ങള്‍ കണ്ട് രാജ്യത്തെ കൊച്ചു കുട്ടികള്‍ പോലും പൊട്ടിച്ചിരിച്ചതാണ്. അത്രക്കും പരിഹാസ്യമായ ഒരു മന്ത്രിയാണ് അല്‍ഫോന്‍സ് കണ്ണന്താനം.

Nambi Narayanan

ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഈ കേന്ദ്ര സഹമന്ത്രി. ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്റെ ചിത്രം അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തത് ഫെയ്സ്ബുക്കില്‍ ട്രോള്‍ പ്രളയമാണ് ഉണ്ടാക്കിയത്. കണ്ണന്താനം സ്ലീപ്പിംഗ് ചലഞ്ച് തന്നെ സോഷ്യല്‍ മീഡിയകളില്‍ വലിയ തരംഗമായി. 36 വര്‍ഷം മുന്‍പ് സബ്കളക്ടറായിരിക്കെ 32 മിനിറ്റു കൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നുള്ളതായിരുന്നു മറ്റൊരു പ്രസ്ഥാവന. ഇതിലൂടെ തള്ളന്താനം എന്ന പേര് തന്നെ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയ നല്‍കി.

കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് ലോകചരിത്രത്തില്‍ ഒരു സര്‍ക്കാരിനും എങ്ങും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന. നാല് വര്‍ഷം കൊണ്ട് പത്തരക്കോടി ടോയ്‌ലറ്റ് പണിയാന്‍ മോദി സര്‍ക്കാരിനല്ലാതെ ലോകചരിത്രത്തില്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് കണ്ണന്താനത്തിന്റെ അവകാശ വാദം. ഇതാകട്ടെ മോദി സ്തുതി ലക്ഷ്യമിട്ട് മാത്രമാണ്. സാക്ഷാല്‍ മോദിയുടെ പോലും കണ്ണ് കണ്ണന്താനത്തിന്റെ തള്ള് കേട്ട് തള്ളിപ്പോയിട്ടുണ്ടാകും.

ഇത്തരമൊരു ആളാണ് മലയാളികളെ മൊത്തത്തില്‍ അപമാനിക്കുന്ന വാക്കുകള്‍ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ സെന്‍കുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയാലും ഇല്ലെങ്കിലും വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അദ്ദേഹം സുപ്രധാന പദവിയില്‍ വരുമെന്ന കാര്യം ഉറപ്പാണ്. ഇത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക കണ്ണന്താനത്തിനായിരിക്കും. ഈ യാഥാര്‍ത്ഥ്യമാണ് കണ്ണുകടിക്ക് പിന്നില്‍.

സര്‍വീസില്‍ ഐ.എ.എസ് – ഐ.പി.എസ് വടം വലി എക്കാലത്തും ഉണ്ട്. എന്നാല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷവും ഈ വടംവലി തുടരുന്നത് നല്ലതിനല്ല.

നമ്പി നാരായണനെ മുന്‍ നിര്‍ത്തി കണ്ണന്താനം സെന്‍കുമാറിനെതിരെ പ്രതികരിച്ചത് രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് എന്ന് തന്നെ കരുതേണ്ടി വരും. കാരണം നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയ നടപടിക്കെതിരെ രംഗത്ത് വന്ന സെന്‍കുമാറിനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പോലും വിമര്‍ശിച്ചിട്ടില്ല. ശുപാര്‍ശ ചെയ്തവര്‍ പ്രതികരിക്കണം എന്നാണ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടത്. സംഘ പരിവാര്‍ നിലപാടും അതു തന്നെയാണ്. ശബരിമല കര്‍മ്മ സമിതി ഭാരവാഹി കൂടിയായ സെന്‍കുമാറിനെ തള്ളി പറയാന്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വം തയ്യാറല്ല. അവര്‍ പോലും ഇപ്പോള്‍ കണ്ണന്താനത്തിന്റെ നിലപാടില്‍ രോഷാകുലരാണ്.

ബി.ജെ.പിയിലെ തന്റെ സാധ്യതകള്‍ക്ക് മുന്‍ പൊലീസ് തലവന്‍ ഭീഷണി ആകുമോയെന്ന് മുന്‍ ഐ.എ.എസ് ഓഫീസറായ കണ്ണന്താനം കരുതുന്നുണ്ടെങ്കില്‍ അത് അധികാര കൊതി കൊണ്ട് തന്നെയാണ്.

പ്രത്യേകിച്ച് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ സെന്‍കുമാറിന് ലഭിക്കുന്ന ഈ സാഹചര്യത്തില്‍. അങ്ങനെയേ കാണാന്‍ പറ്റൂ.

ഒരു ഗുണവും പാര്‍ട്ടിക്ക് ഇല്ലാത്ത ഇത്തരം ആളുകളെ എന്തിനാ കേന്ദ്രമന്ത്രിയാക്കുന്നത് എന്നത് ബി.ജെ.പി നേതൃത്വവും ശരിക്കും ആലോചിക്കുന്നത് നല്ലതാണ്.

team express kerala

Top