വ്യാജ പ്രചാരണം ; കണ്ണന്താനത്തിന്റെ പരാതി പോലീസ് ഹൈടെക് സെല്‍ അന്വേഷിക്കും

തിരുവനന്തപുരം : നവമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്‌തെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാതി പോലീസ് ഹൈടെക് സെല്‍ അന്വേഷിക്കും.

നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ പ്രാഥമികാന്വേഷണം നടത്തി അവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണു നിര്‍ദേശിച്ചിട്ടുള്ളതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.

സൈനികന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതശരീരത്തിന് മുന്നിൽ നിന്ന് പകർത്തിയ ചിത്രം അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ ഷെയർ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അത് സെല്‍ഫിയാണെന്നു പ്രചാരണം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ പരാതി.

അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണവുമായി കണ്ണന്താനം പിന്നീട് രംഗത്തെത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് ആരോ അയച്ചു കൊടുത്ത ചിത്രമാണ് അത്. സെല്‍ഫിയല്ലെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. താന്‍ സെല്‍ഫി എടുക്കാറില്ലെന്നും ഇതുവരെ സെല്‍ഫി എടുത്തിട്ടില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്തുത പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും അദ്ദേഹം പിന്‍വലിച്ചിരുന്നു.

Top