Alphons kannanthanam got high rank position

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിയമന ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയില്‍ വൈകാതെ അല്‍ഫോന്‍സ് ചുമതലയേല്‍ക്കും.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാന നഗരമായ ചണ്ഡീഗഡിന്റെ ഭരണചുമതലയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക്. പഞ്ചാബ് ഗവര്‍ണര്‍ക്കായിരുന്നു ഇതുവരെ ചണ്ഡിഗഡിന്റെ ഭരണചുമതല. കാഞ്ഞിരപ്പള്ളി എംഎല്‍എ, കോട്ടയം കളക്ടര്‍, ഡല്‍ഹി വികസന അഥോറിറ്റി കമ്മീഷണര്‍ എന്നീ നിലകളില്‍ കണ്ണന്താനം തിളങ്ങിയിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവിനു ലഭിക്കുന്ന ആദ്യത്തെ സുപ്രധാന പദവിയാണ് കണ്ണന്താനത്തിന്റേത്.

ഐഎഎസ് വിട്ടു രാഷ്ട്രീയത്തിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യം ഇടതുമുന്നണി എംഎല്‍എയായിരുന്നു. നിതിന്‍ ഗഡ്കരി ബിജെപി അധ്യക്ഷനായിരിക്കവേയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ പാര്‍ട്ടിയിലെടുത്ത് ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

ലോകത്തിലെ നൂറു മികച്ച ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായി ടൈം വാരിക അല്‍ഫോന്‍സ് കണ്ണന്താനത്തെ നേരത്തേ തെരഞ്ഞെടുത്തിരുന്നു.

Top