കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ഇടപെടാനില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നിലനില്‍ക്കുന്ന പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുമായി അല്‍ഫോണ്‍സ് കണ്ണന്താനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേസില്‍ ഉജ്ജയിന്‍ ബിഷപ്പില്‍ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. കന്യാസ്ത്രി പരാതി കൈമാറിയത് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിനായിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുപ്പ്. തുടര്‍ന്ന് ഉജ്ജയിനില്‍ നിന്ന് സംഘം തിരിച്ച് ഡല്‍ഹിയിലെത്തും.
തിങ്കളാഴ്ച വത്തിക്കാന്‍ സ്ഥാനപതി പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പിന്നീട് അന്വേഷണ നടപടികളുടെ എല്ലാ വിവര ശേഖരണങ്ങള്‍ക്കും ശേഷമായിരിക്കും ജലന്ധറിലേക്ക് പോവുക. അതേസമയം, അന്വേഷണ സംഘത്തിനെ കഴിഞ്ഞ ദിവസം വത്തിക്കാന്‍ എംബസിയിലേക്ക് കടത്തിവിട്ടിരുന്നില്ല. വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘത്തോട് മുന്‍കൂട്ടി അനുവാദം വാങ്ങാതെ കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു.